ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കര്‍ശനമായ ക്വാറന്റീന്‍ നിയമങ്ങള്‍ മൂലമാണ് താരങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുന്നത്. 

ആഷസിന് മുന്‍പായി താരങ്ങള്‍ നാലുമാസത്തോളം ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയേണ്ടി വരും. വെയ്ല്‍സ് ആന്‍ഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) കോവിഡുമായി ബന്ധപ്പെട്ട് കര്‍ശനമായ നിര്‍ദേശങ്ങളും നിബന്ധനകളുമാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സപ്പോര്‍ട്ടിങ് സ്റ്റാഫുകളും മത്സരത്തില്‍ നിന്ന് പിന്മാറിയേക്കും. 

നിരന്തരമായുള്ള മത്സരങ്ങള്‍ കാരണം ഇംഗ്ലണ്ട് ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ പല താരങ്ങളും കുടുംബത്തിനൊപ്പം സമയം ചെലവിട്ടിട്ട് മാസങ്ങളായി. തുടര്‍ച്ചയായ മത്സരങ്ങളും ഹോട്ടല്‍ മുറികളില്‍ ഒറ്റയ്ക്കുള്ള താമസവും താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ട്. 

സീനിയര്‍ താരങ്ങളുമായി ഇ.സി.ബി ഒരു ചര്‍ച്ച നടത്തുന്നുണ്ട്. അതിനുശേഷമാകും ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുക. സീനിയര്‍ താരങ്ങളില്ലാത്ത പക്ഷം പുതുമുഖങ്ങളെ വെച്ച് മത്സരം നടത്തുമെന്ന് ഇ.സി.ബി അറിയിച്ചു. ഇന്ത്യയുമായുള്ള പരമ്പര പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുകയാണ്. ഡിസംബര്‍ എട്ടിനാണ് ആഷസ് ആരംഭിക്കുന്നത്.

Content Highlights: England could boycott Ashes Down Under in view of strict bubble life, Reports