ഓക്ക്‌ലന്‍ഡ്: പതിനൊന്ന് ഓവര്‍ മത്സരം, ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ട്, ഒടുവില്‍ ടൈ, പിന്നെ സൂപ്പര്‍ ഓവര്‍, ഏതാനും മാസങ്ങള്‍ക്കു മുമ്പ് നടന്ന ഏകദിന ലോകകപ്പ് ഫൈനലിനെ അനുസ്മരിപ്പിച്ച മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഒരിക്കൽക്കൂടി ന്യൂസീലൻഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ജയവും ട്വന്റി 20 പരമ്പരയും സ്വന്തമാക്കി. 

മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെയും കോളിന്‍ മണ്‍റോയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വെറും 19 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച ഗുപ്റ്റില്‍ 20 പന്തുകള്‍ നേരിട്ട് അഞ്ചു സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം 50 റണ്‍സെടുത്ത് പുറത്തായി. 21 പന്തുകള്‍ നേരിട്ട മണ്‍റോ രണ്ടു ബൗണ്ടറികളും നാലു സിക്‌സും പറത്തി 46 റണ്‍സെടുത്തു. 16 പന്തില്‍ നിന്ന് 39 റണ്‍സടിച്ച ടിം സെയ്‌ഫെര്‍ട്ടിന്റെ വെടിക്കെട്ട് കൂടിയായപ്പോള്‍ കിവീസ് സ്‌കോര്‍ 146-ല്‍ എത്തി.

England Beat New Zealand In Super Over Thriller
Image Courtesy: Getty Images

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ടീമിലെ എല്ലാവരും ഒത്തുപിടിച്ചപ്പോള്‍ അവരും ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി അഞ്ചു താരങ്ങള്‍ 200 മുകളിലുള്ള സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തു. ജോണി ബെയര്‍സ്‌റ്റോ 18 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും അഞ്ചു സിക്‌സുമടക്കം 47 റണ്‍സെടുത്തു. ഓയിന്‍ മോര്‍ഗന്‍ (17), സാം കറന്‍ (24) എന്നിവരും വേഗത്തില്‍ സ്‌കോര്‍ ചെയ്തതോടെ മത്സരം ടൈ ആയി.

England Beat New Zealand In Super Over Thriller
Image Courtesy: Getty Images

ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ജോണി ബെയര്‍സ്‌റ്റോ (8), ഓയിന്‍ മോര്‍ഗന്‍ (9) എന്നിവരുടെ മികവില്‍ 18 റണ്‍സെടുത്തു. രണ്ട് സിക്‌സറുകളാണ് ഇഗ്ലണ്ട് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് വെറും എട്ടു റണ്‍സ് മാത്രമാണ് നേടാനായത്. നാലു പന്ത് നേരിട്ട സെയ്‌ഫെര്‍ട്ടിന് നേടാനായത് വെറും ആറു റണ്‍സ് മാത്രം. ഒരു പന്ത് മാത്രം നേരിട്ട ഗുപ്റ്റില്‍ ഒരു റണ്ണെടുത്തു. പിന്നീട് ഇറങ്ങിയ ഗ്രാന്ദോമിന് നേരിട്ട ആദ്യ പന്തില്‍ സ്‌കോര്‍ ചെയ്യാനുമായില്ല. ഇതോടെ സൂപ്പര്‍ ഓവറിലെ ഒമ്പത് റണ്‍സ് ജയത്തോടെ ഇംഗ്ലണ്ട് 3-2 ന് ട്വന്റി 20 പരമ്പര സ്വന്തമാക്കി.

Content Highlights: England Beat New Zealand In Super Over Thriller