നേപ്പിയര്‍: റെക്കോഡുകള്‍ വഴിമാറിയ ട്വന്റി 20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 76 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്.

ഡേവിഡ് മാലന്റെയും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 16.5 ഓവറില്‍ 165 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ ഇരു ടീമുകളും ഒപ്പമെത്തി (2-2).

ഇംഗ്ലണ്ടിനായി ഡേവിഡ് മാലന്‍ റെക്കോഡ് സെഞ്ചുറി കുറിച്ചു. 48 പന്തില്‍ നിന്ന് സെഞ്ചുറിയിലെത്തിയ മാലന്‍, ട്വന്റി 20-യില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും സ്വന്തമാക്കി. അലക്‌സ് ഹെയില്‍സിന്റെ റെക്കോഡാണ് മാലന്‍ സ്വന്തമാക്കിയത്. 51 പന്തുകള്‍ നേരിട്ട താരം ആറു സിക്‌സും ഒമ്പത് ബൗണ്ടറികളുമടക്കം 103 റണ്‍സോടെ പുറത്താകാതെ നിന്നു.

ഒരറ്റത്ത് മാലന്‍ അടിച്ചുതകര്‍ത്തപ്പോള്‍ മറുവശത്ത് ക്യാപ്റ്റന്‍ മോര്‍ഗനും ഒപ്പം ചേര്‍ന്നു. 41 പന്തില്‍ ഏഴു വീതം സിക്‌സും ബൗണ്ടറികളുമായി 91 റണ്‍സെടുത്ത മോര്‍ഗന്‍ അവസാന ഓവറിലാണ് പുറത്തായത്. ഒരു ഇംഗ്ലണ്ട് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡും മോര്‍ഗന്‍ സ്വന്തമാക്കി. 21 പന്തിലായിരുന്നു മോര്‍ഗന്റെ അര്‍ധ സെഞ്ചുറി. ജോസ് ബട്ട്‌ലര്‍ ഓസീസിനെതിരേ 22 പന്തില്‍ നിന്ന് നേടിയ അര്‍ധ സെഞ്ചുറി റെക്കോഡാണ് മോര്‍ഗന്‍ തിരുത്തിയത്. 

മൂന്നാം വിക്കറ്റില്‍ ഇരുവരും 182 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടും സ്വന്തമാക്കി. ട്വന്റി 20-യില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ടോം ബാന്റണ്‍ (31), ജോണി ബെയര്‍സ്‌റ്റോ (8) എന്നിവരാണ് പുറത്തായ താരങ്ങള്‍.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണിങ് വിക്കറ്റില്‍ 4.3 ഓവറില്‍ 54 റണ്‍സ് ചേര്‍ത്ത ശേഷമാണ് കിവീസ് തകര്‍ന്നത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (27), കോളിന്‍ മണ്‍റോ (30) എന്നിവര്‍ തകര്‍ത്തടിച്ച് തുടങ്ങി. എന്നാല്‍ പിന്നീട് കിവീസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഇവര്‍ക്കു ശേഷം ടിം സൗത്തിക്കു (39) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. കിവീസിന്റെ ടോപ് സ്‌കോററും സൗത്തി തന്നെ. ടിം സെയ്‌ഫെര്‍ട്ട് (3), കോളിന്‍ ഡെ ഗ്രാന്ദോം (7), റോസ് ടെയ്‌ലര്‍ (14), ഡാരില്‍ മിച്ചെല്‍ (2) എന്നിവര്‍ക്കൊന്നും ഇംഗ്ലണ്ട് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 

ഇംഗ്ലണ്ടിനായി മാത്യു പാര്‍ക്കിന്‍സണ്‍ നാലു വിക്കറ്റ് വീഴ്ത്തി.

Content Highlights: England beat New Zealand in 4th T20