ലോര്‍ഡ്‌സ്:

ലോര്‍ഡ്‌സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ എട്ട് റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ആതിഥേയരായ ഇംഗ്ലണ്ടിന് രണ്ടാമിന്നിങ്‌സില്‍ കാലിടറുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 96 റണ്‍ണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാലു വിക്കറ്റ് നഷ്ടമായി. ഒരു ദിവസം കൂടി കളി ശേഷിക്കെ ഓസ്‌ട്രേലിയയേക്കാള്‍ 104 റണ്‍സിന്റെ ലീഡാണുള്ളത്. 16 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സും 10 റണ്‍സെടുത്ത ജോസ് ബട്‌ലറുമാണ് ക്രീസില്‍.

 പീറ്റര്‍ സിഡിലും പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ്‌നിരയുടെ നടുവൊടിച്ചത്. ഇരുവരും രണ്ട് വിക്കറ്റ് വീതമെടുത്തു. 29 റണ്‍സെടുത്ത ഓപ്പണര്‍ ബേണ്‍സാണ് ടോപ്‌സ്‌കോറര്‍. ഡെന്‍ലി 26 റണ്‍സെടുത്ത് പുറത്തായി. ജേസണ്‍ റോയും (2) ജോ റൂട്ടുമാണ് (0) പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍.

നേരത്തെ 258 റണ്‍സ് എന്ന ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരേ ഓസ്‌ട്രേലിയ 250 റണ്‍സിനാണ് പുറത്തായത്.

94.3 ഓവര്‍ മാത്രമാണ് ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് ബാറ്റ് ചെയ്യാനായത്. ഇടയ്ക്ക് ജൊഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ മുഖത്തിടിച്ച് വിട്ടുനില്‍ക്കേണ്ടിവന്ന സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 161 പന്തില്‍ നിന്ന് 92 റണ്‍സാണ് സ്മിത്ത് നേടിയത്. ഖവാജ 36 ഉം പെയ്ന്‍ 23 ഉം കമ്മന്‍സ് 20 ഉം റണ്‍സെടുത്തു. 27.3 ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഓസ്‌ട്രേലിയയെ മെരുക്കിയത്. ക്രിസ് വോക്‌സ് മൂന്നും ആര്‍ച്ചര്‍ രണ്ടും വിക്കറ്റെടുത്തു.

ആദ്യ ദിവസം പൂര്‍ണമായി മഴയെടുത്തുപോയ മത്സരത്തിന്റെ നാലാം ദിനം നാലിന് 80 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളിയാരംഭിച്ചത്. സ്മിത്ത് 13 റണ്‍സെടുത്തുനില്‍ക്കുകയായിരുന്നു. ഇവിടെ നിന്നാണ് സ്മിത്ത് ശ്രദ്ധാപൂര്‍വം ഇന്നിങ്‌സ് മുന്നോട്ട് ചലിപ്പിച്ചത്. അവര്‍ 42.2 ഓവറില്‍ നൂറും 76.1 ഓവറില്‍ 200 റണ്‍സും കടന്നു. 76.2 ഓവറില്‍ സകോര്‍ ആറിന് 203ല്‍ നില്‍ക്കെയാണ് സ്മിത്തിന് പരിക്കേറ്റത്.

Content Highlights: England Australia Second Ashes Cricket Test