ബര്‍മിങ്ങാം: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സിലും പതർച്ച. പത്തോവർ എത്തും മുൻപ് അവർക്ക് രണ്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. 27 റൺസ് മാത്രമാണ് നേടായത്. ഡേവിഡ് വാർണറും (8), കാമറോൺ ബാക്രോഫ്റ്റുമാണ് (7) പുറത്തായത്. വാർണറെ സ്റ്റുവർട്ട് ബ്രോഡും ബാക്രോഫ്റ്റിനെ മൊയിൻ അലിയുമാണ് മടക്കിയത്.

ഒന്നാമിന്നിങ്സിൽ 284 റൺസെടുത്ത ഓസ്ട്രേലിയക്കെതിരേ തൊണ്ണൂറ് റൺസിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. 374 റൺസിനാണ് അവർ ഓൾഔട്ടായത്.

ഒന്നാമിന്നിങ്സിൽ  98.2 ഓവറിൽ പാറ്റിൻസനെ ബെയർസ്റ്റോ ബൗണ്ടറിയടിച്ചതോടെയാണ് ഇംഗ്ലണ്ട് 284 റൺസ് എന്ന ഓസീസ് സ്കോർ മറികടന്നത്. നാലിന് 267 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന് ക്ഷണത്തിലാണ് ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായത്.

ബെൻ സ്റ്റോക്സ് (50), റോറി ബേൺസ് (133), മൊയിൻ അലി (0) ജോണി ബെയർസ്റ്റോ (8), സ്റ്റുവർട്ട് ബ്രോഡ് (29) എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ.  95 പന്തിൽ നിന്ന് 37 റൺസെടുത്ത ക്രിസ് വോക്സ് പുറത്താകാതെ നിന്നു.

തലേദിവസത്തെ സ്കോറിനോട് കേവലം 107 റൺസാണ് ഇവർക്ക് ചേർക്കാനായത്. ഇതിനിടെ ആറ് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ബ്രോഡും വോക്സും ചേർന്ന് ഒൻപതാം വിക്കറ്റിൽ നേടിയ 65 റൺസന്റെ കൂട്ടുകെട്ട് മാത്രമായിരുന്നു മൂന്നാം ദിനം അവർക്ക് ആശ്വസിക്കാൻ ഉണ്ടായിരുന്നത്.

ബെൻ സ്റ്റോക്സാണ് മൂന്നാം ആദ്യം പുറത്തായത്. 96 പന്തിൽ നിന്ന് 50 റൺസെടുത്ത സ്റ്റോക്സിനെ കമ്മിൻസിന്റെ പന്തിൽ കീപ്പർ പെയ്ൻസ് പിടിക്കുകയായിരുന്നു. 97.1 ഓവറിൽ അഞ്ചാം വിക്കറ്റ് വീഴുമ്പോൾ 282 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഓസീസ് സ്കോറിനേക്കാൾ രണ്ട് റൺസ് പിറകിൽ.

ഓസ്ട്രേലിയക്കുവേണ്ടി കമ്മൻസും ലയണും മൂന്ന് വിക്കറ്റ് വീതവും പാറ്റിൻസണും സിഡിലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: Ashes Series First Test England Australia