ദുബായ്:  142 വര്‍ഷത്തെ പാരമ്പര്യം തകര്‍ക്കാന്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഒരുങ്ങുന്നു. അടുത്ത വര്‍ഷത്തെ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇരുടീമുകളുടെയും ജേഴ്‌സിയില്‍ പേരും നമ്പറുമെഴുതും. 1877 ആദ്യ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറിയത് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ക്ക് ജേഴ്‌സിയില്‍ പേരോ നമ്പറോ ഉള്‍പ്പെടുത്തിയിരുന്നില്ല. 

അടുത്ത ആഷസ് പരമ്പരയില്‍ പേരും നമ്പറും ഉള്‍പ്പെടുത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്‌ട്രേലിയയും പദ്ധതി തയ്യാറാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഐ.സി.സി. പുതുതായി അവതരിപ്പിച്ച ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഇത്തവണ ആഷസ് പരമ്പര. അതുകൊണ്ടുതന്നെ ഐ.സി.സി. ഈയൊരു മാറ്റത്തിന് സമ്മതം മൂളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2001ല്‍ ഇംഗ്ലണ്ടാണ് 142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ കളിക്കാരുടെ വസ്ത്രധാരണത്തില്‍ ആദ്യ മാറ്റം വരുത്തിയത്. കളിക്കാരുടെ ടെസ്റ്റ് ക്യാപ്പില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതായിരുന്നു ഈ മാറ്റം. പിന്നീട് മറ്റ് ടീമുകളും ഈ രീതി പിന്തുടര്‍ന്നു. കൗണ്ടി ക്രിക്കറ്റില്‍ 2003 മുതല്‍ ജേഴ്‌സിയില്‍ നമ്പറും പേരും ചേര്‍ക്കുന്നുണ്ട്.

Content Highlights:  England and Australia shirts to feature player names and numbers Ashes 2019