ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ സാം കറന് പരിക്ക്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. 

ഇതോടെ സാം കറന് ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് നഷ്ടമാകും. ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കളിക്കുന്നതിനിടെ സാം കറന് പുറം വേദന അനുഭവപ്പെട്ടു. മത്സരത്തിനുശേഷം നടത്തിയ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. 

ഇതോടെ ഐ.പി.എല്‍ ഉപേക്ഷിച്ച് തിരിച്ച് നാട്ടിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. സാം കറന് പകരം സഹോദരന്‍ ടോം കറനെ ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുത്തു. ഒപ്പം റീസ് ടോപ്ലിയെ റിസര്‍വ് താരമായും പരിഗണിച്ചിട്ടുണ്ട്. 

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസാണ് ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആദ്യ എതിരാളി. ഒക്ടോബര്‍ 23 ന് അബുദാബി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. പിന്നാലെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേയും ഇംഗ്ലണ്ടിന് മത്സരമുണ്ട്.

Content Highlights: England all-rounder Sam Curran ruled out with back injury