കൊളംബോ: ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്ക് തൊട്ടുമുൻപാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ അലിയ്ക്ക് പരമ്പര നഷ്ടമാകും.

ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടില്‍ നിന്നും ശ്രീലങ്കയിലെത്തിയ താരത്തെ ഹംബന്‍ടോട്ട വിമാനത്താവളത്തില്‍വെച്ചാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. എല്ലാ ഇംഗ്ലണ്ട് താരങ്ങളും പരിശോധനയില്‍ പങ്കെടുത്തു. രോഗം സ്ഥിരീകരിച്ച അലി 10 ദിവസം ഐസൊലേഷനില്‍ കഴിയും.

അലിയുമായി അടുത്തിടപഴകിയ ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്‌സിനോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 14 -നാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് നടക്കുക. ഗല്ലെയില്‍ വെച്ചാണ് മത്സരം നടക്കുക. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. അതിനുശേഷം ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ഇന്ത്യയുമായി നാല് ടെസ്റ്റ് മത്സരങ്ങളിലാണ് ഇംഗ്ലണ്ട് പങ്കെടുക്കുക. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മത്സരം നടക്കും. 

Content Highlights: England all-rounder Moeen Ali tests positive for COVID-19 ahead of Sri Lanka Test series