ലണ്ടന്‍: പാകിസ്താനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. രണ്ടാം നിര ടീമുമായി ഇറങ്ങിയ ഇംഗ്ലണ്ട് 9 വിക്കറ്റിനാണ് പാക് പടയെ തകര്‍ത്തത്. ശ്രീലങ്കന്‍ പര്യടനത്തിനുശേഷം 16 താരങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ചതോടെ പുതുമുഖ താരങ്ങളെ അണിനിരത്തിയാണ് പാകിസ്താനെതിരേ ഇംഗ്ലണ്ട് കളിച്ചത്. 

ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. നാലുവിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ സാഖിബ് മഹമൂദാണ് പാകിസ്താന്റെ നട്ടെല്ലൊടിച്ചത്. 42 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തിയ മഹ്മൂദിന്റെ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന പാകിസ്താന്‍ 35.2 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ടായി. 47 റണ്‍സെടുത്ത ഫഖര്‍ സമാനും 30 റണ്‍സെടുത്ത ഷദബ് ഖാനും മാത്രമാണ് പാകിസ്താന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 

ഇംഗ്ലണ്ടിനായി ക്രെയ്ഗ് ഓവെര്‍ടണും മാറ്റ് പാര്‍കിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 142 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 21.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ട്വന്റി 20 ബാറ്റ്‌സ്മാന്‍ ഡേവിഡ് മാലന്‍ 68 റണ്‍സും ടെസ്റ്റ് ബാറ്റ്‌സ്മാന്‍ 58 റണ്‍സും നേടി പുറത്താവാതെ നിന്നു. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റ് വീഴ്ത്തി. 

സാക്ക് ക്രോളി, ഫില്‍ സാള്‍ട്ട്, ജോണ്‍ സിംപ്‌സണ്‍, ലൂയിസ് ഗ്രിഗറി, ബ്രൈഡണ്‍ കാര്‍സ് എന്നീ താരങ്ങള്‍ ഇംഗ്ലണ്ടിന് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. 

Content Highlights: England 2nds crush Pakistan in 1st ODI by 9 wickets