ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും സ്പിന്നര്‍ ജാക്ക് ലീച്ചും ടീമില്‍ മടങ്ങിയെത്തി. 

ഇന്ത്യയ്‌ക്കെതിരേ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. നാല് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. നാലാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതോടെ ഇംഗ്ലണ്ട് വലിയ പ്രതിരോധത്തിലേക്കാണ് വീണിരിക്കുന്നത്. 

നേരത്തേ ഇന്ത്യയില്‍ നടന്ന പരമ്പര നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നാലാം ടെസ്റ്റില്‍ ടീമിലെടുത്ത സാം ബില്ലിങ്‌സിനെ ഇംഗ്ലണ്ട് ഒഴിവാക്കി. 

16 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ടീം അംഗങ്ങള്‍: ജോ റൂട്ട് (നായകന്‍), മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാം കറന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡേവിഡ് മലാന്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, ഒലി പോപ്പ്, ഒലി റോബിന്‍സണ്‍, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്

Content Highlights: Eng vs Ind, Buttler, Jack Leach return to hosts squad for fifth Test