ലണ്ടന്‍: ട്വന്റി-20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും തികയ്ക്കുന്ന ആദ്യതാരമായി ഓസ്ട്രേലിയന്‍ വനിതാ ടീം ഓള്‍ റൗണ്ടര്‍ എലീസ പെറി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് റെക്കോഡ് സ്വന്തമായത്. പുരുഷ ക്രിക്കറ്റിലും ഇതിനുമുമ്പ് ആര്‍ക്കും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

2018 നവംബര്‍ 24-നുനടന്ന ട്വന്റി-20 വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ നതാലി ഷിവറെ പുറത്താക്കി പെറി 100 വിക്കറ്റ് തികച്ചിരുന്നു. ഇത്തവണ ഇംഗ്ലണ്ടിനെതിരേ വ്യക്തിഗത സ്‌കോര്‍ 45 റണ്‍സിലെത്തിയപ്പോളാണ് 1000 റണ്‍സ് കടന്നത്. മത്സരത്തില്‍ പുറത്താകാതെ 47 റണ്‍സെടുത്തു.

ക്രിക്കറ്റില്‍ പെറിക്ക് തൊട്ടുപിന്നില്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹീദ് അഫ്രീദിയാണ്. 1416 റണ്‍സും 98 വിക്കറ്റുമാണ് പാക് താരത്തിനുള്ളത്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് 1471 റണ്‍സും 88 വിക്കറ്റുമുണ്ട്.

28-കാരിയായ എലീസ പെറി 2008-ല്‍ ഇംഗ്ലണ്ടിനെതിരേയാണ് അരങ്ങേറിയത്. 104 മത്സരം കളിച്ച താരം 60 ഇന്നിങ്സുകളില്‍നിന്ന് 1005 റണ്‍സ് നേടി. മൂന്ന് അര്‍ധസെഞ്ചുറിയുണ്ട്. ബൗളിങ്ങില്‍ 103 വിക്കറ്റാണുള്ളത്. 12 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിന ക്രിക്കറ്റില്‍ 4948 റണ്‍സും 145 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ എട്ടു മത്സരങ്ങളില്‍നിന്നായി 564 റണ്‍സും 31 വിക്കറ്റുമുണ്ട്.

എലീസയുടെ റെക്കോഡുകണ്ട മത്സരത്തില്‍ ഓസ്ട്രേലിയ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട് എട്ടിന് 121, ഓസ്ട്രേലിയ 17.5 ഓവറില്‍ മൂന്നിന് 122.

Content Highlights: Ellyse Perry makes history Australia Women Cricket