മൂന്നു വര്‍ഷം, 11 മാസം, ആറു ദിവസം...അങ്ങനെ ആ കാത്തിരിപ്പ് അവസാനിച്ചു. ഓസ്‌ട്രേലിയന്‍ താരം എല്ലിസെ പെറി ഒടുവില്‍ ഔട്ടായി. ലണ്ടനില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലായിരുന്നു ഈ ചരിത്ര വിക്കറ്റ്. 

ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ എല്ലിസെയെ ലോറ മാര്‍ഷ് പുറത്താക്കുകയായിരുന്നു. നാലാമതായി ബാറ്റിങ്ങിനിറങ്ങി 281 പന്തില്‍ 116 റണ്‍സ് ഓസീസ് താരം അടിച്ചെടുത്തു. 

ഇതിന് മുമ്പ് ഒരു ടെസ്റ്റ് മത്സരത്തില്‍ എല്ലിസെ പുറത്തായത് 2015 ഓഗസ്റ്റിലാണ്. പിന്നീട് അതിനിടയില്‍ ഒരൊറ്റ മത്സരം മാത്രമാണ് എല്ലിസെ കളിച്ചത്. 2017 നവംബറില്‍ സിഡ്‌നിയിലായിരുന്നു മത്സരം. ആ ടെസ്റ്റില്‍ പുറത്താകാതെ 213 റണ്‍സ് നേടി. ഇതോടെ 2015-ലെ ടെസ്റ്റില്‍ നിന്ന് 2019-ലെ ടെസ്റ്റ് വരെ 655 പന്ത് നേരിട്ട ഓസീസ് താരം 329 റണ്‍സടിച്ചു. 

പരമ്പരയിലെ ഒരേ ഒരു ആഷസ് ടെസ്റ്റില്‍ ഇംഗ്ലീഷ് ബൗളര്‍മാരില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് എല്ലിസെ നേരിട്ടത്. എന്നാല്‍ അതെല്ലാം മറികടന്ന് 41 പന്ത് ചിലവഴിച്ച് 54 മിനിറ്റിനുള്ളില്‍ സെഞ്ചുറിയിലെത്തി. 

എല്ലിസെയുടെ കരിയറിലെ മൂന്നാം സെഞ്ചുറിയാണ് ലണ്ടനില്‍ പിറന്നത്. ഈ വര്‍ഷം ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തില്‍ സെഞ്ചുറി അടിച്ചിരുന്നു. ഓസീസ് താരത്തിന്റെ ആദ്യ ഏകദിന സെഞ്ചുറി ആയിരുന്നു ഇത്. 

Content Highlights: Ellyse Perry finally gets dismissed Women's Ashes Test