ട്ടു വയസ്സേയുള്ളൂ സമിയ അഫ്‌സറിന്. പക്ഷേ, ഈ പാക് പെണ്‍കുട്ടിയുടെ ബാറ്റിങ് ശൈലി കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കുഞ്ഞു സമിയയുടെ നെറ്റ് പ്രാക്ടീസിന്റെ വീഡിയോ വന്‍ വൈറലാണ് ക്രിക്കറ്റ് ലോകത്ത്.

ലാഹോര്‍ സ്വദേശിയായ സമിയ ആര്‍തര്‍ കിന്നൈഡ് കോളേജ് ഗ്രൗണ്ടിലെ നെറ്റില്‍ പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോയാണിത്. ഇടങ്കൈയാണ്. പരിശീലകന്‍ എറിഞ്ഞ കൊടുക്കുന്ന പന്തുകള്‍ മുന്നോട്ടാഞ്ഞ് ഒന്നാന്തരം ഫൂട്ട് സ്‌റ്റെപ്പോടെ ഓണ്‍സൈഡിലേയ്ക്ക് ഡ്രൈവ് ചെയ്തും ഷോര്‍ട്ട് പിച്ച് ചെയ്തു വരുന്നവ ബാക്ക്ഫൂട്ടിലേയ്ക്കിറങ്ങി ഹുക്ക് ചെയ്തുമെല്ലാമാണ് നെറ്റിലെ സമിയയുടെ ഞെട്ടിക്കുന്ന ബാറ്റിങ്.

കഴിഞ്ഞ ദിവസം ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് ക്രിക്കറ്റ് വെബ്‌സൈറ്റായ ഇ.എസ്.പി.എന്‍. ക്രിക്ക് ഇന്‍ഫോ ചോദിച്ചത് ഇവള്‍ അടുത്ത കുമാര്‍ സംഗക്കാരയോ സ്മൃതി മന്ദാനയോ എന്നാണ്.

ഇതിന് മുന്‍ ശ്രീലങ്കന്‍ നായകന്‍ സംഗക്കാര കൊടുത്ത മറുപടി ക്ലാസാണ്. കുഞ്ഞ് സമിയയ്ക്കുള്ള ഒന്നാന്തരമൊരു ബഹുമതി കൂടിയായി.

ഇവള്‍ എത്ര മിടുക്കിയാണെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്നേക്കാള്‍ മികച്ച ടെക്‌നിക്ക്. ക്രിക്കറ്റില്‍ ഇത്രയും വലിയ പ്രതിഭകള്‍ വളര്‍ന്നുവരുന്നത് കാണുന്നത് തന്നെ ആവേശകരമാണ്-സംഗക്കാര മറുപടി കൊടുത്തു.

Content Highlights: Eight Year Old Pakistan Girls Batting Thrills Srilankan Cricketer Kumar Sangakkara