ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി വരാനിരിക്കുന്ന എട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ വേദികള്‍ പ്രഖ്യാപിച്ചു. 2024 മുതല്‍ 2031 വരെ നടക്കുന്ന ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളുടെ വേദികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് വേദിയാകുന്നു എന്നതാണ് ഇതില്‍ ശ്രദ്ധേയം. 12 രാജ്യങ്ങള്‍ക്കാണ് ടൂര്‍ണമെന്റുകള്‍ നടത്താന്‍ അവസരം ലഭിച്ചിരിക്കുന്നത്. 

2024-ല്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടത്തും. 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് പാകിസ്താനില്‍ വെച്ച് നടത്തുക. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്താന്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകുന്നത്. 

2026-ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. തൊട്ടടുത്ത വര്‍ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലായി നടക്കും. 

2028-ലെ ട്വന്റി 20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും വേദിയാകുമ്പോള്‍ 2029-ലെ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യ വേദിയൊരുക്കും. 2030-ല്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ വേദിയാകും. 2031-ല്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും ആതിഥേയത്വം വഹിക്കും. 

എട്ട് ടൂര്‍ണമെന്റുകളില്‍ മൂന്നെണ്ണം ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. പാകിസ്താനില്‍ വെച്ച് നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ചിരവൈരികളായ ഇന്ത്യ പങ്കെടുക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 

Content Highlights: Eight new world cricket tournaments announced by ICC