മുംബൈ: ഇന്ത്യൻ താരം എം.എസ് ധോനിക്ക് ഒരു സമ്മാനം ഒരുക്കുന്ന തിരക്കിലാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ൻ ബ്രാവോ. 'നമ്പർ 7' എന്ന പേരിൽ ഒരു പാട്ടാണ് ആ സമ്മാനം. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ ബോളിവുഡ് താരം സണ്ണി ലിയോണിനോടാണ് ബ്രാവോ ഈ രഹസ്യം വെളിപ്പെടുത്തിയത്.

ക്രിക്കറ്റിനോടൊപ്പം സംഗീതത്തിലും താത്‌പര്യമുള്ള ബ്രാവോയോട് പുതിയ ഏതെങ്കിലും പാട്ടിന്റെ പണിപ്പുരയിലാണോ എന്ന് സണ്ണി ലിയോൺ ചോദിക്കുകയായിരുന്നു. അപ്പോഴാണ് ധോനിയ്ക്കായി പാട്ടൊരുക്കുന്ന കാര്യം ബ്രാവോ വെളിപ്പെടുത്തിയത്. ധോനിയുടെ കരിയർ, നേട്ടങ്ങൾ, ധോനിയോടുള്ള ആരാധകരുടെ സ്നേഹം എന്നിവയെല്ലാം കൂട്ടിച്ചേർത്തായിരിക്കും ആ ഗാനം തയ്യാറാക്കുകയെന്നും ബ്രാവോ പറയുന്നു.

ഈ അടുത്ത് കൊറോണ വൈറസിനെ കുറിച്ച് ബ്രാവോ ഒരു പാട്ട് പുറത്തിറക്കിയിരുന്നു. 'വിട്ടുകൊടുക്കില്ല' എന്നായിരുന്നു ആ പാട്ടിന്റെ പേര്. ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരങ്ങളാണ് ബ്രാവോയും ധോനിയും. ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് വർഷങ്ങളായി.

content highlights: Dwayne Bravo Sunny Leone MS Dhoni