-
പോർട്ട് ഓഫ് സ്പെയിൻ: ട്വന്റി 20 ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന അപൂർവ നേട്ടത്തിന് ഉടമയായി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവേ. ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ബ്രാവോ.
കരീബിയൻ പ്രീമിയർ ലീഗിൽ (സി.പി.എൽ) ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനായി കളിക്കുന്ന ബ്രാവോ കഴിഞ്ഞ ദിവസം പോർട്ട് ഓഫ് സ്പെയിനിനിൽ സെന്റ് ലൂസിയ സോക്സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. സെന്റ് ലൂസിയ താരം റഖീം കോൺവാളായിരുന്നു ബ്രോവോയുടെ അഞ്ഞൂറാമത്തെ ഇര.
മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു ബ്രാവോയുടെ ചരിത്ര നേട്ടം. 459-ാമത്തെ ട്വന്റി 20 മത്സരത്തിലാണ് ബ്രാവോ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. ട്വന്റി 20-യുടെ ചരിത്രത്തിൽ ആദ്യമായി 500 വിക്കറ്റെടുത്ത താരം മാത്രമല്ല ബ്രാവോ. ട്വന്റി 20-യിൽ 300, 400 വിക്കറ്റുകൾ തികച്ച ആദ്യ താരവും ബ്രാവോയാണ്. 2016 ഐ.പി.എല്ലിലായിരുന്നു ബ്രാവോയുടെ 300 വിക്കറ്റ് നേട്ടം. തൊട്ടടുത്ത വർഷം ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ കളിക്കവെ അദ്ദേഹം 400 വിക്കറ്റും തികച്ചു. ബ്രാവോയെ കൂടാതെ ട്വന്റി 20-യിൽ 400 വിക്കറ്റുകൾ പോലും നേടിയ താരങ്ങളില്ല.

2006-ൽ ട്വന്റി 20-യിൽ അരങ്ങേറിയ ബ്രാവോ വിവിധ ലീഗുകളിലായി മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, സിഡ്നി സിക്സേഴ്സ്, മെൽബൺ സ്റ്റാർസ്, മെൽബൺ റെനഗേഡ്സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
ട്വന്റി 20-യിലെ വിക്കറ്റ് വേട്ടയിൽ ബ്രാവോയ്ക്ക് പിന്നിലുള്ളത് ശ്രീലങ്കൻ താരം ലസിത് മലിംഗയാണ്. 295 മത്സരങ്ങളിൽ നിന്ന് 390 വിക്കറ്റുകളാണ് മലിംഗയുടെ സമ്പാദ്യം. 339 മത്സരങ്ങളിൽ നിന്ന് 383 വിക്കറ്റുകളുമായി സുനിൽ നരെയ്ൻ മൂന്നാമതുണ്ട്. ഇമ്രാൻ താഹിർ (295 മത്സരങ്ങൾ 374 വിക്കറ്റ്), സൊഹൈൽ തൻവീർ (339 മത്സരങ്ങൾ 356 വിക്കറ്റ്) എന്നിവരാണ് തൊട്ടുപിന്നിൽ.
Content Highlights:Dwayne Bravo becomes first bowler to take 500 T20 wickets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..