ലണ്ടന്‍: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പന്തിന് തിളക്കം കൂട്ടാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിയിട്ടുണ്ട്. ഇതോടെ പ്രതിരോധത്തിലായത് ബൗളര്‍മാരാണ്. എന്നാലിപ്പോഴിതാ തങ്ങള്‍ നിര്‍മിക്കുന്ന പന്തുകള്‍ ഉപയോഗിച്ചാല്‍ സ്വിങ് ലഭിക്കാനായി ഉമിനീര്‍ ഉപയോഗിക്കേണ്ടി വരില്ലെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഉത്പന്ന നിര്‍മാതാക്കളായ ഡ്യൂക്ക്‌സ് ബോള്‍ ഉടമ ദിലീപ് ജജോദിയ.

ഡ്യൂക്ക്‌സ് പന്തുകളുടെ ഗുണമേന്മ കാരണം ഉമിനീര്‍ ഉപയോഗിക്കാതെ തന്നെ പന്ത് തിളക്കാന്‍ സാധിക്കുമെന്നും സ്വിങ് ലഭിക്കുമെന്നും ദിലീപ് ജജോദിയ, ദി ഗാര്‍ഡിയനോട് പറഞ്ഞു.

''ബാറ്റും പന്തും തമ്മില്‍ ഒരു ബാലന്‍സ് ഉണ്ടാവണം. അല്ലെങ്കില്‍ കളി വിരസമാകും. ഞങ്ങള്‍ക്ക് അതറിയാം, പന്തിലെ തിളക്കമേറിയ ഭാഗമോ ഉരഞ്ഞ ഭാഗമോ മാത്രമല്ല സ്വിങ്ങിന് കാരണമാകുന്നത്, പന്ത് സംയോജിപ്പിക്കുന്ന രീതിയാണ്. നിങ്ങള്‍ ആശങ്കപ്പെടേണ്ട, ഞങ്ങള്‍ നിര്‍മിക്കുന്ന പന്തുകള്‍ നല്ല രൂപത്തിലുള്ളതാണ്. കരുത്തുറ്റ സീം കാരണം വായുവില്‍ പന്ത് ഒരു തുഴ പോലെ അനുഭവപ്പെടും. കാരണം അവ കൈകള്‍ കൊണ്ട് തുന്നുന്നതാണ്. ഏറെ നേരം അത് അതിന്റെ കാഠിന്യം കാത്തുസൂക്ഷിക്കും'', ദിലീപ് ജജോദിയ പറയുന്നു.

അതേസമയം വിയര്‍പ്പിന്റെ ഉപയോഗം ഐ.സി.സി വിലക്കിയിട്ടില്ലെന്നും വിയര്‍പ്പ് ഉപയോഗിച്ച് ഡ്യൂക്ക്‌സ് പന്തുകളുടെ തിളക്കം വര്‍ധിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ഭീഷണിക്കു ശേഷം മത്സരങ്ങള്‍ പുനഃരാരംഭിച്ചാലും പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഉള്‍പ്പെടെയുള്ള അനാരോഗ്യകരമായ കാര്യങ്ങളില്‍ ഐ.സി.സിയുടെ മെഡിക്കല്‍ കമ്മിറ്റി എതിര്‍പ്പ് ഉന്നയിച്ചിട്ടുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.

ക്രിക്കറ്റ് പന്തിന്റെ ഒരു ഭാഗത്ത് തിളക്കം നിലനിര്‍ത്താനും മറ്റേ ഭാഗം സ്വാഭാവികമായി പഴകുന്നതിനും ബൗളിങ് ടീം ശ്രദ്ധിക്കാറുണ്ട്. റിവേഴ്സ് സ്വിങ് സാധ്യമാക്കുന്നതിനായാണിത്.

ക്രിക്കറ്റില്‍ നിയന്ത്രിത ഓവര്‍ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന പന്തുകളെല്ലാം നിര്‍മിക്കുന്നത് കൂക്കാബുറയാണ്. എന്നാല്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഡ്യൂക്ക്സിന്റെ പന്തുകളാണ് ഉപയോഗിക്കുന്നത്. ടെസ്റ്റില്‍ എസ്.ജിയുടെ പന്തുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്.

ഇതിനിടെ ഉമിനീര്‍, വിയര്‍പ്പ് എന്നിവയ്ക്ക് പകരം ക്രിക്കറ്റ് പന്തുകളുടെ തിളക്കം കൂട്ടാന്‍ ബൗളര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന വാക്സ് നിര്‍മിച്ച് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് സാമഗ്രികളുടെ നിര്‍മാതാക്കളായ കൂക്കാബുറ രംഗത്തെത്തിയിരുന്നു.

കോവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഉമിനീര്‍, വിയര്‍പ്പ് എന്നിവ ഉപയോഗിച്ച് ക്രിക്കറ്റ് പന്തുകളുടെ തിളക്കം വര്‍ധിപ്പിക്കുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇതിനായി കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഐ.സി.സി അറിയിച്ചിരുന്നു.

Content Highlights: Dukes balls can swing even without saliva because of quality