രാജ്‌കോട്ട്:   ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡി.ആര്‍.എസ് സമ്പ്രദായം ഉപയോഗിക്കുന്നത് ഇന്ത്യയുടെ ഉറക്കം കെടുത്തില്ലെന്ന് നായകൻ വിരാട് കോലി. ഡി.ആര്‍.എസ് എന്നാല്‍ റോക്കറ്റ് സയന്‍സ് അല്ലെന്നും കോലി വ്യക്തമാക്കി. 

''പാഡില്‍ പന്ത് എവിടെയായിരിക്കും കൊള്ളുക എന്നതിനെ സംബന്ധിച്ച് ഒരു ക്രിക്കറ്റ് താരത്തിന് വ്യക്തമായ ധാരണയുണ്ടാകും. അത് ലൈനിന് പുറത്താണെങ്കിലും ലൈനിനുള്ളിലാണെങ്കിലും. ഇതൊക്കെ ക്രിക്കറ്റിലെ പ്രാഥമികമായ കാര്യങ്ങളാണ്. ഡി.ആര്‍.എസ് സിസ്റ്റമെന്തെന്ന് പഠിക്കാന്‍ ഒരു പ്രത്യേക കോഴ്‌സിന് പോകേണ്ട ആവശ്യമൊന്നുമില്ല''. കോലി ചൂണ്ടിക്കാട്ടി.

''ഡി.ആര്‍.എസ് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നമ്മള്‍ ടി.വിയില്‍ കണ്ട് മനസ്സിലാക്കിയ കാര്യമാണ്. അത് വളരെ എളുപ്പമുള്ള കാര്യമാണ്. ഡി.ആര്‍.എസില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ആവശ്യമില്ല. ശരിയായ തീരുമാനമല്ല അമ്പയറുടേതെന്ന് നമുക്ക് തോന്നുമ്പോള്‍ അതില്‍ വീണ്ടും പരിശോധന നടത്താന്‍ നമുക്കൊരു അവസരം ലഭിക്കുന്നു. അത് നല്ലൊരു കാര്യമാണ്.''കോലി കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ ഡി.ആര്‍.എസ് ഉപയോഗിക്കാന്‍ ബി.സി.സി.ഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.