ബെംഗളൂരു ടെസ്റ്റിലെ ഡി.ആര്‍.എസ് വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ നടപടി ആവശ്യപ്പെട്ട് ഐ.സി.സി.ക്ക് നല്‍കിയ പരാതി ബി.സി.സി.ഐ പിന്‍വലിച്ചു. അനാവശ്യ വിവാദങ്ങളുണ്ടാക്കാതെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഐ.സി.സിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബി.സി.സി.ഐ പരാതി പിന്‍വലിച്ചത്. 

ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റി, ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഒ ജെയിംസ് സതര്‍ലന്‍ഡുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഇന്ത്യയുടെ പിന്‍മാറ്റം. പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളുടെ സുഗമമായ നടത്തിപ്പു ലക്ഷ്യമിട്ടാണ് പരാതിയില്‍ നിന്നു പിന്‍മാറുന്നതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി

ഡി.ആര്‍.എസ് ഉപയോഗിക്കുന്നതിനായി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഡ്രസിങ് റൂമിന്റെ സഹായം തേടിയതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ബോര്‍ഡ് ഇന്നലെ ഉച്ചയോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനു പരാതി നല്‍കിയത്. സ്റ്റീവ് സ്മിത്തിനെ ഇക്കാര്യത്തിനു പ്രേരിപ്പിച്ചതു താനാണെന്ന് കുറ്റസമ്മതം നടത്തിയ ഹാന്‍ഡ്‌സ്‌കോമ്പിനെതിരെയും നടപടിയെടുക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ സമിത്തിന് പൂര്‍ണ പിന്തുണയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തിയതോടെ ബന്ധം കൂടുതല്‍ വഷളാകുകയായിരുന്നു. ഇതോടെ ഇരുടീമുകളുടെയും സിഇഒമാര്‍ രാത്രി വൈകി ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി പരാതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.