മ്പയറുടെ തീരുമാനം പുനഃപരിശോധിക്കുന്ന സമ്പ്രദായം (ഡി.ആര്‍.എസ്.) ചതുര്‍ഥിയായി കണക്കാക്കിയിരുന്ന ടീം ഇന്ത്യ അതു സ്വീകരിക്കാന്‍ തീരുമാനിച്ചശേഷം ഗൗരവമായി സമീപിക്കാത്തത് തിരിച്ചടിയാവുന്നു. ഇന്ത്യ 333 റണ്‍സിന് തോറ്റ പുണെ ടെസ്റ്റിലും തോല്‍വിയുടെ ഭീഷണി ഉയര്‍ന്നുകഴിഞ്ഞ രണ്ടാം ടെസ്റ്റിലും ഡി.ആര്‍.എസ്സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സമീപനം അമ്പേ പാളി. തെറ്റായ തീരുമാനങ്ങളില്‍നിന്ന് ബാറ്റ്സ്മാന് രക്ഷനേടാനും ബൗള്‍ ചെയ്യുമ്പോള്‍ അമ്പയറുടെ തെറ്റായ നിലപാട് തിരുത്തി അനുകൂലവിധിനേടാനും ഡി.ആര്‍.എസ്. തന്ത്രപൂര്‍വം ഉപയോഗിക്കുന്നതിലൂടെ കഴിയും. 

ക്യാപ്റ്റന്‍ വിരാട് കോലി പുനരാലോചനയില്ലാതെ തീരുമാനമെടുക്കുന്നുണ്ടെന്ന് ഇതുവരെയുള്ള കളി അവലോകനം ചെയ്താല്‍ മനസ്സിലാവും. ഇതു ക്യാപ്റ്റന്റെ മാത്രം പിഴവല്ല. ഫീല്‍ഡര്‍മാരുടെ ഉറച്ചപിന്തുണ ക്യാപ്റ്റന് അനിവാര്യമാണ്. 

ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ മൂന്നു പുനഃപരിശോധനകളാണ് പാഴാക്കിയത്. രണ്ടാം നാള്‍ ഇന്ത്യ മൂന്ന് അവസരങ്ങള്‍ ഇങ്ങനെ പാഴാക്കി. മത്സരത്തില്‍ അര്‍ധശതകം തികച്ച ഓസീസ് താരം ഷോണ്‍ മാര്‍ഷ് തുടക്കത്തില്‍ പുറത്തായതായിരുന്നു. ബൗളറുടെ അപ്പീലില്‍ അമ്പയര്‍ ബാറ്റ്സ്മാന് അനുകൂലമായി വിധിപറഞ്ഞപ്പോള്‍ അതു തിരുത്താന്‍ ഇന്ത്യക്ക് അവസരം അവശേഷിച്ചിരുന്നില്ല. ആദ്യത്തെ പുതിയ പന്തിലെ രണ്ടു പുനഃപരിശോധനകളും അപ്പോഴേക്കും തീര്‍ന്നിരുന്നു.

ഇന്ത്യയുടെ മൂന്നു പുനഃപരിശോധനകള്‍ പാഴായത് അശ്വിന്റെ പന്തിലായിരുന്നു. ആദ്യത്തേത് സ്മിത്തിനെതിരേയായിരുന്നു. രണ്ടാമത്തേത് ഷോണ്‍ മാര്‍ഷിനും മൂന്നാമത്തേത് മാത്യു വെയ്ഡിനുമെതിരേ. ആദ്യ രണ്ടും എല്‍.ബി. അപ്പീലായിരുന്നു. സ്മിത്തിന്റെ കാര്യത്തില്‍ അമ്പയര്‍ അപ്പീല്‍ നിഷേധിച്ചിരുന്നു. പുനഃപരിശോധനയില്‍ പന്ത് നേരിയതോതില്‍ സ്റ്റമ്പില്‍ തട്ടുമെങ്കിലും പന്തിന്റെ കൂടുതല്‍ ഭാഗവും സ്റ്റമ്പിന് പുറത്തായതിനാല്‍ അനുകൂലവിധി കിട്ടിയില്ല. ഷോണ്‍ മാര്‍ഷിന്റെ കാര്യത്തില്‍ ഇന്‍സൈഡ് എഡ്ജുണ്ടായിരുന്നതിനാല്‍ വിധി എതിരായി. വെയ്ഡിന്റെ പന്തില്‍ ക്യാച്ചിനുള്ള അപ്പീല്‍ പരിശോധിച്ചപ്പോള്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് തെളിഞ്ഞു.

പുനഃപരിശോധനകള്‍ കൃത്യമായി എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ടീം ഇന്ത്യ ശരിക്കും പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഞായറാഴ്ചത്തെ തീരുമാനങ്ങള്‍ കാണിക്കുന്നു.