മെല്‍ബണ്‍: ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ഡി.ആര്‍.എസ് വിവാദം കത്തുന്നു. ഡി.ആര്‍.എസ് വഴി പുറത്തായതിനെതിരെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ രംഗത്തുവന്നിരുന്നു. ഇങ്ങനെ പുറത്തായതില്‍ ദേഷ്യവും നിരാശയുമുണ്ടെന്നായിരുന്നു പെയ്‌നിന്റെ പ്രതികരണം. ഇതിന് പിന്നാലെ ശനിയാഴ്ച്ചയും അമ്പയറുടെ തീരുമാനത്തിനെതിരേ താരങ്ങള്‍ രംഗത്തുവന്നു. ന്യൂസീലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നറെ പുറത്താക്കാന്‍ എടുത്ത ക്യാച്ച് ഡി.ആര്‍.എസ് വഴി പരിശോധിച്ചെങ്കിലും അമ്പയര്‍ ഔട്ട് വിധിക്കാത്തതാണ് പുതിയ വിവാദം.

ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 37-ാം ഓവറിലായിരുന്നു ഈ സംഭവം. പന്ത് മിച്ചല്‍ സാന്റ്‌നറുടെ വലതു കൈയിലെ ഗ്ലൗവിലെ സ്വെറ്റ് ബാന്റില്‍ ഉരസി മുകളിലേക്കുയര്‍ന്നു. പന്ത് ക്യാച്ച് ചെയ്ത ശേഷം ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. തുടര്‍ന്ന് ഡി.ആര്‍.എസ് ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നാം അമ്പയര്‍ അലീം ദറും സാന്റ്‌നര്‍ ഔട്ട് അല്ലെന്ന് വിധിച്ചു. അമ്പയറുടേയും ഡി.ആര്‍.എസിന്റേയും തീരുമാനം തെറ്റാണെന്നാണ് ഓസീസ് താരങ്ങളുടെ വാദം.

ഗ്ലൗവിലെ സ്വെറ്റ് ബാന്റില്‍ പന്ത് തട്ടിയിട്ടുണ്ടെങ്കില്‍ ഔട്ട് ആണെന്നാണ് ക്രിക്കറ്റ് നിയമം. ആ പന്ത് സ്വെറ്റ് ബാന്റില്‍ തട്ടിയിട്ടുണ്ടെന്ന് ഓസീസ് പേസ് ബൗളര്‍ ജെയിംസ് പാറ്റിന്‍സണ്‍ പറയുന്നു. ലഞ്ച് ബ്രേക്കില്‍ ഫോക്‌സ് ക്രിക്കറ്റിനോടാണ് പാറ്റിന്‍സണ്‍ പ്രതികരിച്ചത്. 

അലീം ദറിന്റെ തീരുമാനത്തിനെതിരെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും വിമര്‍ശനമുന്നയിച്ചു. നിങ്ങള്‍ക്ക് ശരി എന്താണെന്ന് അറിയില്ലെങ്കില്‍ അതു ചെയ്യാന്‍ നില്‍ക്കരുതെന്നും സ്വെറ്റ് ബാന്റിന്റെ ചലനം ഇക്കാര്യത്തില്‍ തെളിവായി പരിഗണിക്കാമെന്നും പോണ്ടിങ് പറയുന്നു. 

32 പന്തുകള്‍ നേരിട്ട സാന്റ്‌നര്‍ നേടിയത് മൂന്നു റണ്‍സ് മാത്രമാണ്. പാറ്റിന്‍സണ്‍ന്റെ പന്തില്‍ ടിം പെയ്ന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ന്യൂസീലന്‍ഡ് രണ്ടാമിന്നിങ്‌സില്‍ 148 റണ്‍സിന് പുറത്തായി. 319 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റിന് 137 റണ്‍സെന്ന നിലയിലാണ്.

 

Content Highlights: DRS Drama At MCG After Controversial Mitchell Santner Decision