ലണ്ടന്‍: ക്രിക്കറ്റില്‍ അമ്പയര്‍മാരുടെ തീരുമാനം പുന:പരിശോധിക്കുന്ന ഡി.ആര്‍.എസ് സംവിധാനം ഐ.സി.സി. പരിഷ്‌കരിക്കുന്നു. ബൗളര്‍മാരെ തുണയ്ക്കുന്നതാണ് പുതിയ പരിഷ്‌കാരം.

drs നേരത്തെ ഔട്ട് വിധിക്കണമെങ്കില്‍ പന്ത് ലെഗ് സ്മ്പിന്റെയോ ഓഫ് സ്റ്റമ്പിന്റെയോ മധ്യത്തില്‍ ഇടിക്കണമായിരുന്നു. എന്നാല്‍, പുതിയ പരിഷകാരം അനുസരിച്ച് പന്ത് ഓഫ് സ്റ്റമ്പിന്റെയോ ലെഗ് സ്റ്റമ്പിന്റെയോ പുറത്ത് ഇടിച്ചാല്‍ ഔട്ട് വിധിക്കാം. ഇപ്പോഴും പന്തിന്റെ പകുതിയെങ്കിലും വിക്കറ്റില്‍ ഇടിക്കണം. പന്തിന്റെ ഹിറ്റ് സോണിന്റെ വിസ്തൃതി കൂട്ടിയത് ബൗളര്‍മാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ വര്‍ഷം ഒക്‌ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമം നിലവില്‍ വരും. എഡിന്‍ബറോയില്‍ സമാപിച്ച ഐ.സി.സി.യുടെ വാര്‍ഷിക യോഗത്തിലാണ് നിയമം പരിഷ്‌കരിക്കാന്‍ തീരുമാനമായത്. അടുത്തിടെ നടക്കാനിരിക്കുന്ന ഏതെങ്കിലുമൊരു ഏകദിന പരമ്പരയിലായിരിക്കും ട്രയല്‍.

അമ്പയര്‍മാര്‍ നോ ബോള്‍ വിളിക്കുന്നത് സംബന്ധിച്ച നിയമം പരിഷ്‌കരിക്കാന്‍ വരും മാസങ്ങളില്‍ ട്രയല്‍ നടത്താനും ഐ.സി.സി. തീരുമാനിച്ചിട്ടുണ്ട്. ബൗളര്‍മാര്‍ ബൗള്‍ ചെയ്തു കഴിഞ്ഞ ഉടനെ തന്നെ മൂന്നാം അമ്പയര്‍ റീപ്ലേ കണ്ട് തീരുമാനം കൈക്കൊള്ളുകയും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഫീല്‍ഡ് അമ്പയര്‍ക്ക് സന്ദേശം കൈമാറുകയും ചെയ്യും.

2022 ഡര്‍ബനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്താനും ഐ.സി.സി. തീരുമാനിച്ചു.