സിഡ്‌നി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ വിക്കറ്റിന് പിന്നിലുള്ള കഷ്ടകാലം തീരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടി നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ യുവതാരം വില്‍ പുകോവ്‌സ്‌കിയുടെ രണ്ടു ക്യാച്ചുകളാണ് പന്ത് ഒന്നാം ദിനം പാഴാക്കിയത്. അതും മൂന്നോവറുകള്‍ക്കിടയില്‍.

ഈ അവസരം മുതലെടുത്ത പുകോവ്‌സ്‌കി മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി അരങ്ങേറ്റം ഗംഭീരമാക്കി. തകർച്ചയെ നേരിട്ട ഓസീസ് ഇന്നിങ്സിന് അടിത്തറ പാകുകയും ചെയ്തു. വ്യക്തിഗത സ്‌കോര്‍ 26 ലും 32 ലും നില്‍ക്കെയാണ് പുകോവ്‌സ്‌കിയുടെ ക്യാച്ചുകള്‍ പന്ത് നഷ്ടപ്പെടുത്തിയത്. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ പന്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. 

അശ്വിന്റെയും സിറാജിന്റെയും ഓവറുകളിലാണ് പന്ത് ക്യാച്ച് കൈവിട്ടുകളഞ്ഞത്. അശ്വിന്‍ എറിഞ്ഞ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച പുകോവ്‌സ്‌കിയുടെ ശ്രമം പാളി. ബോള്‍ ബാറ്റിലുരസി നേരെ ഋഷഭ് പന്തിനടുത്തേക്ക് നീങ്ങി. എന്നാല്‍ ഇത് കൈപ്പിടിയിലൊതുക്കാന്‍ താരത്തിനായില്ല.

സിറാജിന്റെ ബൗണ്‍സറില്‍ നിന്നുമാണ് പുകോവ്‌സ്‌കി രണ്ടാമത് രക്ഷപ്പെട്ടത്. ബൗള്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച താരത്തിന്റെ ബാറ്റില്‍ തട്ടി പന്ത് ഉയര്‍ന്നുപൊങ്ങി. പുറകിലേക്കോടി ക്യാച്ച് ചെയ്യാനുള്ള ആദ്യശ്രമത്തില്‍ താരത്തിന്റെ ഗ്ലൗസില്‍ തട്ടി ബോള്‍ വഴുതിപ്പോയെങ്കിലും രണ്ടാം ശ്രമത്തില്‍ ഋഷഭ് ബോള്‍ കൈയ്യിലൊതുക്കി. പക്ഷേ ബോള്‍ നിലം തൊട്ടതായി തേര്‍ഡ് അമ്പയര്‍ വിധിച്ചതോടെ പുകോവ്‌സ്‌കിയ്ക്ക് വീണ്ടും അവസരം ലഭിച്ചു. 

Content Highlights: Dropped and dropped again! Rishabh Pant gives Will Pucovski twin lifelines, faces heat on Twitter