തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി പരമ്പരയ്ക്കുള്ള ടീമിലേക്ക് വിളിയെത്തിയതിനു പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍. ടീമിന്റെ ഭാഗമാകുക എന്നതു മാത്രമല്ല ഓസ്ട്രേലിയയില്‍ ട്വന്റി 20 ലോകകപ്പ് ജയിക്കുകയാണ് സ്വപ്‌നമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

സ്ഥിരത പുലര്‍ത്താനായി ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും താരം ഉറപ്പിച്ച് പറയുന്നു. സ്ഥിരതയില്ലായ്മയെ ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും സ്ഥിരത പുലര്‍ത്താനായി ശ്രമിച്ചാല്‍ തന്റെ സ്വതസിദ്ധമായ ബാറ്റിങ് ശൈലി നഷ്ടപ്പെടുമെന്നും സഞ്ജു ചൂണ്ടിക്കാട്ടുന്നു.

''സ്ഥിരതയില്ലായ്മ ഒരു പ്രശ്നമായി ഞാന്‍ കാണുന്നില്ല. മറ്റുള്ള ബാറ്റ്സ്മാന്മാരില്‍ വ്യത്യസ്തമാണ് എന്റെ ബാറ്റിങ് ശൈലി. ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണു ഞാന്‍. എന്റെ ശൈലിയും അതുതന്നെ. ഇനി സ്ഥിരത പുലര്‍ത്തി ബാറ്റു ചെയ്യാന്‍ ശ്രമിച്ചാല്‍ സ്വതസിദ്ധമായ എന്റെ ഈ ശൈലി നഷ്ടപ്പെടും. അങ്ങനെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'', സഞ്ജു വ്യക്തമാക്കി. 

''കാര്യങ്ങളെ ലളിതമായി കാണാനാണ് എനിക്ക് ഇഷ്ടം. അവസരം കിട്ടുമ്പോഴെല്ലാം വലിയ സ്‌കോര്‍ കണ്ടെത്താനാണ് ഞാന്‍ നോക്കുന്നത്. അഞ്ച് ഇന്നിങ്സുകള്‍ കളിക്കാന്‍ കിട്ടിയാല്‍ രണ്ടെണ്ണത്തിലെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്തി ടീമിനെ ജയിപ്പിക്കണമെന്നാണ് ലക്ഷ്യം. എന്റെ ബാറ്റിങ്ങിലെ സ്ഥിരത ടീമിനെ വിജയിപ്പിക്കില്ല. എന്നാല്‍ മികച്ചൊരു ഇന്നിങ്‌സിലൂടെ അതിന് സാധിക്കും'', സഞ്ജു പറഞ്ഞു.

Content Highlights: Dream is to win World T20 in Australia Sanju Samson