മുംബൈ: ഇന്ത്യ എ ടീമിന്റെയും അണ്ടര്‍-19 ടീമിന്റെയും പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് തുടരും. ബി.സി.സി.ഐയുമായി രണ്ടു വര്‍ഷത്തേക്കാണ് ദ്രാവിഡ് കരാറൊപ്പിട്ടത്. ഏകദേശം അഞ്ചു കോടി രൂപ ദ്രാവിഡിന് പ്രതിഫലമായി ലഭിക്കുമെന്നാണ് സൂചന. നേരത്തെ പത്ത് മാസത്തെ പ്രതിഫലമായി ദ്രാവിഡിന് ബി.സി.സി.ഐ നല്‍കിയത് നാല് കോടി രൂപയായിരുന്നു. 

നേരത്തെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നപ്പോള്‍ തന്നെ ദ്രാവിഡ് ഐ.പി.എല്ലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മെന്ററായും പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നും നാല് കോടി രൂപ ദ്രാവിഡിന് ലഭിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐയുടെ പുതിയ കരാര്‍ പ്രകാരം ദ്രാവിഡിന് ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ കഴിയില്ല. ഒപ്പം കമന്ററിയുമായി ബന്ധപ്പെട്ട മേഖലയിലും പ്രവര്‍ത്തിക്കാനാവില്ല.  അതുകൊണ്ടു തന്നെ ദ്രാവിഡിന്റെ പ്രതിഫലം എട്ടു കോടിയില്‍ നിന്ന് അഞ്ചു കോടിയായി കുറയും.

ജൂലായ് 2015ലാണ് 44കാരനായ ദ്രാവിഡ് ആദ്യമായി ഇന്ത്യന്‍ യുവനിരയുടെ പരിശീലകനാകുന്നത്. ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയയില്‍ ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കിയ ദ്രാവിഡ് അണ്ടര്‍-19 ടീമിനെ കഴിഞ്ഞ ലോകകപ്പില്‍ റണ്ണേഴ്സപ്പാക്കുകയും ചെയ്തിരുന്നു.