Photo: twitter.com
ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ബുധനാഴ്ച മിഡില്‍സെക്സിനെതിരായ മത്സരത്തിലും ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ താരം ഇരട്ട സെഞ്ചുറി തികച്ചു. സസെക്സിനായി ഈ സീസണില്‍ താരം നേടുന്ന മൂന്നാമത്തെ ഇരട്ട സെഞ്ചുറിയായിരുന്നു ഇത്.
പൂജാരയുടെ ഇരട്ട സെഞ്ചുറി നേട്ടം മറ്റൊരു അപൂര്‍വതയ്ക്ക് കൂടി വഴിവെച്ചു. ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്സില്‍ ഇതിനു മുമ്പ് സസെക്സിനായി ഇരട്ട സെഞ്ചുറി നേടിയതും ഒരു ഇന്ത്യക്കാരനാണ്. ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1907 മുതല്‍ 1933 വരെ നവാനഗറിന്റെ ഭരണാധികാരിയായിരുന്ന കേണല്‍ എച്ച്.എച്ച് ശ്രീ. സര് രഞ്ജിത്സിങ്ജി വിഭാജി രണ്ടാമന്, സാക്ഷാല്‍ കെ.എസ് രഞ്ജിസിങ്ജി. 125 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രഞ്ജിസിങ്ജിയുടെ ബാറ്റില്‍ നിന്ന് സസെക്സിനായി ലോര്‍ഡ്സില്‍ ഇരട്ട സെഞ്ചുറി പിറക്കുന്നത്. അദ്ദേഹത്തിനോടുള്ള ആദ്യസൂചകമായാണ് ഇന്ത്യയിലെ പ്രധാന ഫസ്റ്റ്ക്ലാസ് ടൂര്‍ണമെന്റിന് രഞ്ജിട്രോഫി എന്ന പേര് നല്‍കിയത്.
മിഡില്‍സെക്സിനെതിരേ ലണ്ടനിലെ കടുത്ത ചൂടിലും ഒമ്പത് മണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച് 403 പന്തില്‍ നിന്ന് 21 ബൗണ്ടറികളും മൂന്ന് സിക്സുകളെന്ന അപൂര്വതയുമടക്കം 231 റണ്‍സെടുത്താണ് പൂജാര പുറത്തായത്. പൂജാരയുടെ ഇരട്ട സെഞ്ചുറിയുടെയും ടോം അല്സോപിന്റെ സെഞ്ചുറിയുടെയും മികവില്‍ സസെക്സ് ഒന്നാം ഇന്നിങ്സില്‍ 523 റണ്‍സെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..