Photo: AP
മെല്‍ബണ്‍: 100-ാം ടെസ്റ്റ് മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ചുറിയുമായി ഫോമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. എന്നാല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴുള്ള തന്റെ പതിവ് ആഘോഷപരിപാടികള്‍ ഇത്തവണ വാര്‍ണര്‍ക്ക് പണികൊടുത്തു.
200 തികച്ച ശേഷം പിച്ചില്‍ മുട്ടുകുത്തിയിരുന്നും പിന്നീട് തന്റെ പതിവ് ചാട്ടത്തോടെയും ആഘോഷിച്ച വാര്‍ണര്‍ തൊട്ടുപിന്നാലെ പേശീവലിവിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
നേരത്തെ 200 തികയ്ക്കുന്നതിന് മുമ്പും താരത്തെ പേശീവലിവ് അലട്ടിയിരുന്നു. ഇരട്ട സെഞ്ചുറി തികച്ചതിന്റെ ആഹ്ലാദത്തില്‍ ആവേശം അതിരുവിട്ടതോടെ താരത്തിന് വേദന കലശലാകുകയായിരുന്നു. ഇതോടെ വൈദ്യസഹായം ആവശ്യപ്പെട്ട താരം പിന്നീട് വേദനസഹിക്കാനാകാതെ മടങ്ങുകയായിരുന്നു. 254 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സും 16 ഫോറുമടക്കം 200 റണ്‍സാണ് വാര്‍ണറിന്റെ സമ്പാദ്യം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസീസ്. മൂന്നാം ദിനം ബാറ്റിങ്ങിനെത്താന്‍ വാര്‍ണര്‍ക്ക് അവസരമുണ്ട്. ഓസീസിന് ഇതുവരെ 197 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ട്.
ഇതിനിടെ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന് ശേഷം 100-ാം ടെസ്റ്റില്‍ ഇരട്ട ശതകം നേടുന്ന താരമെന്ന നേട്ടവും വാര്‍ണര്‍ക്ക് സ്വന്തമായി. 100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഓസീസ് താരമെന്ന നേട്ടവും നേരത്തെ വാര്‍ണര്‍ക്ക് സ്വന്തമായിരുന്നു. റിക്കി പോണ്ടിങ്ങാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഓസീസ് താരം.
100-ാം ടെസ്റ്റില്‍ മറ്റൊരു നേട്ടം കൂടി വാര്‍ണറുടെ അക്കൗണ്ടിലെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കാനും വാര്‍ണര്‍ക്ക് സാധിച്ചു. വ്യക്തിഗത സ്‌കോര്‍ 81-ല്‍ നില്‍ക്കെയാണ് വാര്‍ണര്‍ 8000 ക്ലബ്ബിലെത്തിയത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍. റിക്കി പോണ്ടിങ്. ബോര്‍ഡര്‍, സ്റ്റീവ് വോ, മൈക്കിള്‍ ക്ലാര്‍ക്ക്. മാത്യു ഹെയ്ഡന്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്ക് വോ എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.
Content Highlights: Double Century Celebration Costs David Warner Returns Retired Hurt
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..