കറാച്ചി: വിവാദങ്ങള്‍ എന്നും പാക് ക്രിക്കറ്റിന്റെ ഭാഗമാണ്. ഒത്തുകളിയും ഉത്തേജക മരുന്ന് വിവാദങ്ങളുമെല്ലാം ചേര്‍ന്ന് പലതവണ പാക് ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ നാണം കെട്ടിട്ടുണ്ട്. ഇപ്പോഴിതാ പാകിസ്താനെ പിടിച്ചുകുലുക്കി മറ്റൊരു ഉത്തേജക മരുന്ന് വിവാദവും തലപൊക്കിയിരിക്കുകയാണ്.
പാക് ക്രിക്കറ്റിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായ അഹമ്മദ് ഷെഹ്സാദ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ഷെഹ്‌സാദിനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നാലു മാസത്തേക്ക് വിലക്കിയിരിക്കുകയാണ്.
നിരോധിത മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുപത്താറുകാരനെതിരേ നടപടിയെടുത്തിരിക്കുന്നത്. ആഭ്യന്തര മത്സരത്തിനിടെയാണ് ഷെഹ്‌സാദ് പിടിക്കപ്പെട്ടത്. 2018 ജൂലായ് 10 മുതല്‍ ഷെഹ്‌സാദിന്റെ വിലക്ക് തുടങ്ങിയിരുന്നുവെന്നും പി.സി.ബി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
താരം കുറ്റസമ്മതം നടത്തിയെന്നും എന്നാല്‍ കളിയെ സ്വാധീനിക്കുന്ന തരത്തില്‍ പ്രകടനം നന്നാക്കാന്‍ വേണ്ടിയായിരുന്നില്ല ഇതെന്നും പി.സി.ബി വ്യക്തമാക്കി. ഉത്തേജകം ഉപയോഗിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികള്‍ തന്നെ ഉണ്ടാകുമെന്നും ഭാവിയില്‍ രാജ്യത്തെ ഒരു താരവും ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയാണിതെന്നും പി.സി.ബി വക്താവ് പറഞ്ഞു.
ഈ വര്‍ഷം ജൂലായിലാണ് ഷെഹസാദിന്റെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ജൂലായ് 10 മുതല്‍ താരം സസ്പെന്‍ഷനിലായിരുന്നു. എന്നാല്‍ ഇപ്പോഴാണ് എത്ര കാലത്തേക്ക് താരത്തെ വിലക്കണമെന്ന് പി.സി.ബി തീരുമാനിച്ചിരിക്കുന്നത്. ഈ മാസത്തോടെ ഷെഹ്‌സാദിന്റെ വിലക്ക് അവസാനിക്കും. പാകിസ്താനു വേണ്ടി 13 ടെസ്റ്റുകളും 81 ഏകദിനങ്ങളും 57 ടിട്വന്റി-കളും കളിച്ചിട്ടുള്ള താരമാണ് ഷെഹ്സാദ്.
Content Highlights: doping test failed pakistan batsman ahmed shehzad gets four month ban over