
Image Courtesy: Twitter
മുംബൈ: എം.എസ് ധോനി വിരമിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്.
ഒരു തലമുറയില്‍ അപൂര്‍വമായി മാത്രം പിറക്കുന്ന താരങ്ങളിലൊരാളാണ് ധോനി. അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കി വിരമിക്കലിലേക്ക് തള്ളിവിടുമ്പോള്‍ പിന്നീട് തിരികെ കിട്ടില്ലെന്ന കാര്യം കൂടി ഓര്‍ക്കണമെന്നും ഹുസൈന് മുന്നറിയിപ്പ് നല്കി.
ഇന്ത്യന്‍ ക്രിക്കറ്റിനായി ഇനിയും ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ധോനിക്കാകുമെന്നും ഹുസൈന് പറയുന്നു. സ്റ്റാര്‍ സ്പോര്‍ട്സിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഒരിക്കല്‍ ധോനി പോയിക്കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തെ തിരികെ ലഭിക്കില്ല. കളിക്കുന്ന സമയത്ത് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന ചില ഇതിഹാസ താരങ്ങളുണ്ട് ക്രിക്കറ്റില്‍. ഒരു തലമുറയില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ക്രിക്കറ്റര്‍മാര്‍. ധോനി അവരില്‍ ഒരാളാണ്. അദ്ദേഹത്തെ അകാല വിരമിക്കലിലേക്ക് തള്ളിവിടരുത്. തന്റെ മാനസികാവസ്ഥ ധോനിക്ക് മാത്രമേ അറിയൂ'', നാസര്‍ ഹുസൈന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ സെമിയിലാണ് ധോനി അവസാനമായി കളിച്ചത്. അതിനു ശേഷം അദ്ദേഹം മത്സര ക്രിക്കറ്റിലൊന്നും തന്നെ പങ്കെടുത്തിട്ടില്ല. ധോനിക്ക് ഇനി ടീമിലേക്കുള്ള മടങ്ങിവരവ് ദുഷ്കരമാകുമെന്ന് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്ക്കറും കപില്‍ ദേവും അടക്കമുള്ളവര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഹുസൈന്റെ അഭിപ്രായം മറ്റൊന്നാണ്.
''എം.എസ് ധോനിക്ക് ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള മികവുണ്ടോ എന്നതു മാത്രമാണ് കാര്യം. മറ്റെല്ലാ താരങ്ങളുടെയും കാര്യത്തിലും അതുതന്നെയാണ് മാനദണ്ഡം. ഞാന്‍ കണ്ടതില്‍വെച്ച് ധോനിക്ക് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും'', അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Don't push MS Dhoni into retirement says Nasser Hussain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..