ലാഹോര്‍: ഇപ്പോഴത്തെ അവസ്ഥയില്‍ വിദേശ ടീമുകളെ പാകിസ്താനിലേക്ക് ക്ഷണിക്കരുതെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തര്‍. ക്വറ്റയില്‍ പോലീസ് ട്രെയ്‌നിങ് അക്കാദമിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്‍ സുരക്ഷിതമല്ലെന്ന് അക്തര്‍ വ്യക്തമാക്കിയത്. 

ക്വറ്റയില്‍ നടന്ന ആക്രമണത്തില്‍ 62 പോലീസുകാരും രണ്ട് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. 170 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ''പൂര്‍ണമായി സാധാരണ നില പുന:സ്ഥാപിക്കും വരെ വിദേശ ടീമുകളെ പാകിസ്താനിലേക്ക് ക്ഷണിക്കരുത്. സമാധാനപൂര്‍ണമായ അന്തരീക്ഷത്തിലേക്കെത്താന്‍ സമയമെടുക്കും. അതുവരെ ക്ഷമയോടെ കാത്തിരുന്നേ മതിയാകൂ''-അക്തർ വ്യക്തമാക്കി.

അന്ത്രാഷ്ട്ര ക്രിക്കറ്റ് പാകിസ്താനിലേക്ക് തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും വിദേശ ടീമുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഇവിടെയെത്താന്‍ ശ്രമിക്കുമ്പോഴെല്ലാം ഓരോ ഭീകരാക്രമണങ്ങള്‍ സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അക്തര്‍ പറഞ്ഞു. 

പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ ലാഹോറിലായിരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി പ്രഖ്യാപിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ക്വെറ്റയില്‍ ഭീകരാക്രമണം നടന്നത്. അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകളുടെ വിശ്വാസം നേടിയെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിട്ടുണ്ടെന്നും അവര്‍ പാകിസ്താന്‍ സന്ദര്‍ശനത്തിനെത്തുമെന്നും നജാം സേത്തി വ്യക്തമാക്കിയിരുന്നു. 2009 മാര്‍ച്ചില്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനെതിരെ ആക്രമണം നടന്നശേഷം പ്രധാന ടീമുകളൊന്നും പാകിസ്താന്‍ സന്ദര്‍ശനത്തിനെത്തിയിരുന്നില്ല. അതേസമയം അഫ്ഗാനിസ്ഥാന്‍, കെനിയ, സിംബാബ്‌വെ ടീമുകള്‍ പാകിസ്താനിലെത്തി കളിക്കുകയും ചെയ്തു.