ഹൈദരാബാദ്: ദീര്‍ഘനാളത്തെ ഏകദിന - ടെസ്റ്റ് മത്സര സീസണുകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വന്റി 20-യുടെ കെട്ടുവട്ടങ്ങളിലേക്ക് തിരിച്ചെത്തിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരേ ഹൈദരാബാദില്‍ നടന്നത്. തുടക്കത്തില്‍ ഷോട്ടുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടിയ കോലിയുടെ തീര്‍ത്തും വ്യത്യസ്തമായ ഒരു രൂപമാണ് രണ്ടാം പകുതിയില്‍ ക്രിക്കറ്റ് ലോകം കണ്ടത്.
കെ.എല്‍ രാഹുല്‍ തുടങ്ങിവെച്ച വെടിക്കെട്ട് പിന്നീട് കോലി ഏറ്റെടുക്കുകയായിരുന്നു. ഇന്നിങ്‌സ് പുരോഗമിക്കവെ കോലി ട്വന്റി 20-യുടെ യഥാര്‍ഥ താളത്തിലേക്കെത്തി. 50 പന്തുകളില്‍ നിന്ന് ആറു വീതം സിക്‌സും ഫോറും സഹിതം 94 റണ്‍സുമായി പുറത്താകാതെനിന്ന കോലി കരിയറിലെ 23-ാം അര്‍ധസെഞ്ചുറിയും ട്വന്റി 20-യിലെ ഉയര്‍ന്ന സ്‌കോറും സ്വന്തമാക്കി.
രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സ് പിന്നിടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് കോലി മടങ്ങിയത്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നിങ്‌സിന്റെ തുടക്കത്തില്‍ വിന്‍ഡീസ് ബൗളര്‍മാരെ നേരിടാന്‍ കോലി തെല്ല് ബുദ്ധിമുട്ടിയിരുന്നു. ടൈമിങ് പിഴച്ച ഷോട്ടുകളും ബീറ്റണായവയുമെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതോടെ മത്സര ശേഷം സംസാരിക്കവെ തന്റെ ആദ്യ പകുതിയിലെ ബാറ്റിങ് ആരും മാതൃകയാക്കരുതെന്നും അത് തീര്‍ത്തും മോശമായിരുന്നുവെന്നും കോലി പറഞ്ഞു, ''ഇത് കാണുന്ന എല്ലാ യുവതാരങ്ങളോടുമായി പറയുകയാണ് ആദ്യ പകുതിയിലെ എന്റെ ബാറ്റിങ് ആരും മാതൃകയാക്കരുത്, അത് തീര്‍ത്തും മോശമായിരുന്നു''.
അതേസമയം കോലിയെ ചൊടിപ്പിച്ച കെസറിക് വില്യംസ്, ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് എന്നിവരും അദ്ദേഹത്തിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. വില്യംസിനെതിരേ ഒരു സിക്‌സ് നേടിയ ശേഷം ഏറെ പ്രസിദ്ധമായ 'നോട്ട്ബുക്ക് സെലിബ്രേഷനും' കോലി നടത്തി. കോലി നിറഞ്ഞാടിയപ്പോള്‍ എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ 208 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു. ട്വന്റി 20-യില്‍ റണ്‍സ് പിന്തുടര്‍ന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും ഇതു തന്നെ.
Content Highlights: Don’t follow first half of my innings, that was really bad - Virat Kohli