ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അജിങ്ക്യ രഹാനെയ്ക്കു സ്ഥാനം നല്‍കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പേസ് ബൗളര്‍ ദൊഡ്ഡ ഗണേഷ്. തുടര്‍ച്ചയായി മോശം പ്രകടനം പുറത്തെടുത്തിട്ടും  രഹാനെയെ ടീമില്‍ നിലനിര്‍ത്തുന്നതിനെതിരേയാണ്  ഗണേഷിന്റെ വിമര്‍ശനം. 

15-20 ഇന്നിങ്‌സുകളില്‍ അവസരം ലഭിച്ചാല്‍ വാലറ്റക്കാര്‍ പോലും ഒരിക്കലെങ്കിലും അര്‍ധ സെഞ്ചുറി നേടുമെന്നും ഇനി മതിയെന്നും ഗണേഷ് ട്വിറ്ററില്‍ കുറിച്ചു. 

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ രഹാനയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ട്വീറ്റ് ചെയ്ത ജോണ്‍സ് എന്ന ആരാധകന് മറുപടി നല്‍കുകയായിരുന്നു ഗണേഷ്.

'രഹാനെ മികച്ച താരമാണ്. മുമ്പ് നന്നായി കളിച്ചിട്ടുണ്ട്. കുറച്ചു കൂടി സമയം നല്‍കിയാല്‍ രഹാനെയ്ക്ക് ഫോമിലേക്ക് എത്താനാകും. കാര്യങ്ങള്‍ മാറ്റിമറിക്കാനാകും. അതുകൊണ്ട് വിഷമിക്കേണ്ട. അദ്ദേഹം റണ്‍സ് സ്‌കോര്‍ ചെയ്യും.' ഇതായിരുന്നു രഹാനയെ കുറിച്ചുള്ള ദ്രാവിഡിന്റെ പ്രതികരണം.

Content Highlights: Dodda Ganesh slams team management for backing Ajinkya Rahane