ന്യൂഡല്‍ഹി: ക്രിക്കറ്റിലെ അഴിമതി അന്വേഷിക്കുന്ന ജസ്റ്റിസ് ലോധ കമ്മിറ്റി വീണ്ടും ബി.സി.സി.ഐക്കെതിരെ രംഗത്ത്. കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന ബി.സി.സി.ഐയെ അയോഗ്യരാക്കണമെന്നും ബി.സി.സി.ഐയുടെ കാര്യനിര്‍വഹണം പരിശോധിക്കാന്‍ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയെ നിരീക്ഷകനായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. 

ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബി.സി.സി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ ഉത്തരവ് പറയുന്നത് കഴിഞ്ഞ ഒക്ടോബര്‍ 17ന് സുപ്രീം കോടതി മാറ്റി വെച്ചിരുന്നു.

ക്രിക്കറ്റിന് പുതിയ ഒരു ഭരണാധികാരിയെ നിയമിക്കുകയോ അല്ലെങ്കിൽ അതിനുള്ള അധികാരം ലോധ കമ്മിറ്റിക്ക് നൽകുകയോ ചെയ്യണമെന്ന് സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ  അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നിർദേശിച്ചിരുന്നു. 

എന്നാൽ, ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പലതും ബി.സി.സി.ഐ നടപ്പാക്കിയിട്ടുണ്ടെന്ന് ബി.സി.സി.ഐക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു. ലോധ കമ്മിറ്റി സമയം അനുവദിക്കുകയാണെങ്കില്‍ സംസ്ഥാന അസോസിയേഷനുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാമെന്നും കപില്‍ സിബല്‍ പറഞ്ഞു.