മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഉള്‍പ്പെടെ ഇന്ത്യയില്‍ വരാനിരിക്കുന്ന ക്രിക്കറ്റ് സീസണെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബി.സി.സി.ഐ പ്രത്യേക പൊതുയോഗം വിളിച്ചു.

യോഗം സംബന്ധിച്ച നോട്ടീസ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് അയച്ചത്. മെയ് 29-നാണ് യോഗം.

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ലോകകപ്പ് നടത്തിപ്പ് എങ്ങനെ സാധ്യമാകുമെന്ന ആലോചനയിലാണ് ബി.സി.സി.ഐ. ജൂണ്‍ ഒന്നിന് നടക്കുന്ന ഐ.സി.സിയുടെ യോഗത്തിനു മുമ്പ് ഒരു തീരുമാനത്തിലെത്താനാണ് ബോര്‍ഡ് ആലോചിക്കുന്നത്. 

ഐ.സി.സി മീറ്റിങ്ങിനു മുമ്പ് യോഗം ചേര്‍ന്ന് കോവിഡ് സാഹചര്യം പരിശോധിക്കുകയും ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ എന്തൊക്കെ ചെയ്യാനാവുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് ബി.സി.സി.ഐ യോഗം. 

ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ലോകകപ്പിന്റെ കാര്യത്തില്‍ ഐ.സി.സി ഒരു തീരുമാനമെടുക്കുമെന്നാണ് വിവരം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐ.പി.എല്‍ പാതിവഴിയില്‍ നിര്‍ത്തിയതോടെ ലോകകപ്പിനുള്ള കരുതല്‍ വേദിയായി യു.എ.ഇയെ ഉയര്‍ത്തിക്കാട്ടിയിരുന്നു.

നിലവില്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ശക്തമായി തുടരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും രാജ്യങ്ങളെ പങ്കെടുപ്പിച്ച് ടി20 ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് നടത്തുക വലിയ വെല്ലുവിളി തന്നെയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

Content Highlights: discussion on hosting of T20 World Cup BCCI calls Special General Meeting