ചെന്നൈ: പേസ് ബൗളർ സന്ദീപ് വാര്യർ തമിഴ്നാട് ടീമിലേക്ക് മാറിയത് കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. 2018-19 രഞ്ജി ട്രോഫി സീസണിൽ കേരളം ചരിത്രത്തിൽ ആദ്യമായി സെമിയിലെത്തിയപ്പോൾ സന്ദീപിന്റെ പങ്ക് നിർണായകമായിരുന്നു. 44 വിക്കറ്റാണ് ആ സീസണിൽ പേസ് ബൗളർ വീഴ്ത്തിയത്.

എന്നാൽ ഇനിവരുന്ന രഞ്ജി ട്രോഫി സീസണിൽ തമിഴ്നാടിന് വേണ്ടിയാണ് സന്ദീപ് കളിക്കുക. ഇന്ത്യാ സിമന്റ്സിൽ ജീവനക്കാരനായ സന്ദീപ് പരിശീലനം നടത്തുന്നത് ചെന്നൈയിലാണ്. ജോലിയും പരിശീലനവുമെല്ലാം പരിഗണിച്ചായിരുന്നു സന്ദീപ് തമിഴ്നാട് ടീമിലേക്ക് മാറിയത്. ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സഹതാരമായിരുന്ന ദിനേശ് കാർത്തിക്കിന്റെ നിർദേശവും തന്റെ ടീം മാറ്റത്തിന് പിന്നിലുണ്ടെന്ന് മലയാളി താരം പറയുന്നു.

'തമിഴ്നാട്ടിൽ ഇന്ത്യ സിമന്റ്സിന് വേണ്ടി ജോലി ചെയ്യുന്നതുകൊണ്ട് തമിഴ്നാടിന് വേണ്ടി കളിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുകൂടെയെന്ന് ഒരിക്കൽ കാർത്തിക് എന്നോട് ചോദിച്ചു. ഞാൻ ഇന്ത്യ എ ടീമിനൊപ്പം ന്യൂസീലൻഡ് പര്യടനം കഴിഞ്ഞുവരുന്ന സമയമായിരുന്നു അത്. കാർത്തിക്കിന്റെ ഈ നിർദേശം ഞാൻ ഇന്ത്യ സിമന്റ്സിന്റെ കോച്ചായ ആർ പ്രസന്നയുമായി പങ്കുവെച്ചു. അദ്ദേഹവും അനുകൂല നിലപാടാണ് പറഞ്ഞത്. ഇതോടെ ടീം മാറാൻ തീരുമാനിക്കുകയായിരുന്നു.' സന്ദീപ് വ്യക്തമാക്കുന്നു.

കേരള ടീമിനുള്ളിലും ഈ വിഷയം ചർച്ച ചെയ്തു. പരിശീലകൻ ടിനു യോഹന്നാനോടും അഭിപ്രായം ചോദിച്ചു. സ്വയം തീരുമാനമെടുക്കാനാണ് അവർ എല്ലാവരും പറഞ്ഞത്. വിഷമത്തോടെയാണെങ്കിലും ഞാൻ ആ തീരുമാനം എടുത്തു. കേരളത്തോട് വിട പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 57 മത്സരങ്ങളിൽ നിന്ന് 24.43 ശരാശരിയിൽ 186 വിക്കറ്റുകൾ സന്ദീപിന്റെ അക്കൗണ്ടിലുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 55 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 66 വിക്കറ്റും 47 ട്വന്റി-20കളിൽ നിന്ന് 46 വിക്കറ്റും വീഴ്ത്തി.

Content Highlights: Dinesh Karthik suggested to shift base to Tamil Nadu says Sandeep Warrier