ചെന്നൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ മാരക ഫോമില്‍ ബാറ്റ് ചെയ്ത നായകന്‍ വിരാട് കോലിയെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. മനോഹരമായ ഒരു ഉപമയിലൂടെയാണ് കാര്‍ത്തിക് കോലിയുടെ ഇന്നിങ്‌സിനെ വാഴ്ത്തിയത്. 

കൊറോള കാറിനെയും ഫെരാരി കാറിനെയും ഉപമിച്ചുകൊണ്ട് കാര്‍ത്തിക് ട്വീറ്ററില്‍ കോലിയുടെ ഇന്നിങ്‌സിനെ താരതമ്യം ചെയ്തു. 'കൊറോള പോലെ തുടങ്ങി, ഫെരാരിയെപ്പോലെ അവസാനിപ്പിച്ചു.'- കാര്‍ത്തിക് കുറിച്ചു.

ഈയിടെ കണ്ടതില്‍ വെച്ചേറ്റവും മനോഹരമായ ഇന്നിങ്‌സാണ് കോലി കാഴ്ച വെച്ചതെന്നാണ് കാര്‍ത്തിക്കിന്റെ അഭിപ്രായം. ' കോലിയുടെ അവസാന ഓവറുകളിലെ ബാറ്റിങ് അത്ഭുതകരമായിരുന്നു. ഇതുകൊണ്ടാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി മാറുന്നത്. ക്രീസില്‍ നില്‍ക്കുമ്പോള്‍ പന്ത് വരുന്നതിനനുസരിച്ച് മാറി ഷോട്ട് കളിക്കാനുള്ള വൈദഗ്ധ്യമാണ് അദ്ദേഹത്തിന്റെ ശക്തി. ഒരു ബൗളര്‍ അടുത്ത പന്ത് എങ്ങനെ എറിയുമെന്ന് മുന്‍കൂട്ടി കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.' - കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

മൂന്നാം ട്വന്റി 20-യില്‍ തകര്‍പ്പന്‍ പ്രകടനമാണ് കോലി പുറത്തെടുത്തത്. 46 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറികളുടെയും നാല് സിക്‌സുകളുടെയും സഹായത്തോടെ പുറത്താവാതെ 77 റണ്‍സാണ് താരം അടിച്ചെടുത്തത്. ആദ്യ 23 പന്തുകളില്‍ നിന്നും 23 റണ്‍സ് മാത്രം നേടിയ കോലി അവസാന 23 പന്തുകളില്‍ നിന്നും നേടിയത് 54 റണ്‍സാണ്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി കുറിച്ച് ഇന്ത്യന്‍ നായകന്‍ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 

Content Highlights: Dinesh Karthik's Corolla-Ferrari comment on Virat Kohli takes Twitter by storm