-
ചെന്നൈ: കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസീലൻഡിനെതിരേ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങാൻ ആവശ്യപ്പെട്ടത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ദിനേശ് കാർത്തിക്. 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽതന്നെ രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ അഞ്ചാം നമ്പറിൽ എം.എസ് ധോനിയെ ബാറ്റിങ്ങിന് ഇറക്കുമെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. എന്നാൽ ദിനേശ് കാർത്തിക്കാണ് നിർണായക സമയത്ത് ഗ്രൗണ്ടിലെത്തിയത്.
'കെ.എൽ രാഹുൽ പുറത്തായപ്പോൾ എന്നോട് ഇറങ്ങാൻ ആവശ്യപ്പെട്ടത് ശരിക്കും അദ്ഭുതപ്പെടുത്തി. ഏഴാം നമ്പറിലാകും ഞാൻ എന്നെ ഇറക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് ഞാൻ ഒട്ടും തയ്യാറായിരുന്നില്ല. ഷോർട്സ് എല്ലാം ധരിച്ച് ഇരിക്കുകയായിരുന്നു ഞാൻ. എന്നാൽ തുടക്കത്തിൽ വിക്കറ്റുകൾ വീണതോടെ തീരുമാനം മാറി. എന്നോട് തയ്യാറായി ഇരിക്കാൻ പറഞ്ഞു. ആ സമയം രാഹുൽ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ഇതോടെ പാഡ് കെട്ടാൻ വൈകിയ ഞാൻ അൽപം സമയമെടുത്താണ് ക്രീസിലെത്തിയത്.' ദിനേശ് കാർത്തിക് പറയുന്നു.
മൂന്നാമത്തെ ഓവറിലാണ് ഞാൻ ക്രീസിലെത്തിയത്. ഔട്ടായത് എത്രമത്തെ ഓവറിലാണെന്ന് ഓർമയില്ല. അതിന് വലിയ പ്രാധാന്യമില്ലല്ലോ. ട്രെന്റ് ബോൾട്ടിന്റെ സ്പെൽ കഴിയുംവരെ വിക്കറ്റ് വീഴാതെ പിടിച്ചുനിൽക്കാനായി എന്നാണ് എനിക്കു തോന്നുന്നത്. എന്നാൽ ബോൾട്ടിന്റെ ഓവർ കഴിഞ്ഞതിനുശേഷം റൺസ് സ്കോർ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ജിമ്മി നീഷാമിന്റെ മനോഹരമായ ക്യാച്ചിൽ ഞാൻ പുറത്തായി.' കാർത്തിക് അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുന്നു.
പിന്നീട് ആറു വിക്കറ്റിന് 92 റൺസ് എന്ന നിലയിലേക്ക് തകർന്ന ഇന്ത്യയെ ധോനിയും ജഡേജയും ചേർന്ന് അവിശ്വസനീയമായ ജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ജഡേജയെ തിരിച്ചയച്ച് ബോൾട്ട് ഇന്ത്യൻ പ്രതീക്ഷകൾ തകർത്തു. പിന്നാലെ ധോനി റൺഔട്ടായതോടെ ഇന്ത്യ തോൽവിയുറപ്പിച്ചു. ഒടുവിൽ 18 റൺസ് തോൽവിയോടെ ലോകകപ്പിൽ നിന്ന് മടക്കം.
content highlights: Dinesh Karthik on promotion in 2019 World Cup semis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..