സതാംപ്റ്റൺ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ മലയാളി താരം ശ്രീശാന്തിനെ പരാമർശിച്ച് ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. കമന്ററിക്കിടെ ശ്രീശാന്തിന്റേയും ഷമിയുടേയും സീം പൊസിഷനുകൾ താരതമ്യം ചെയ്തായിരുന്നു കാർത്തിക്കിന്റെ കമന്റ്.

'രണ്ട് വശത്തേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് ഷമിയുടെ ബൗളിങ്ങിനെ മനോഹരമാക്കുന്നത്. സീം പൊസിഷനാണ് അതിന് കാരണമെന്നും ശ്രീശാന്തിന് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച സീം പൊസിഷൻ ഷമിയുടേതാണ്.'-കാർത്തിക് കമന്ററിക്കിടെ പറഞ്ഞു. ന്യൂസീലന്റ് ഇന്നിങ്സിലെ 17-ാം ഓവറിലായിരുന്നു ദിനേശ് കാർത്തിക്കിന്റെ ഈ കമന്റ്.

ഇതിന് പിന്നാലെ ശ്രീശാന്തിന്റെ ആരാധകർ ട്രോളുമായെത്തി. കണ്ണുനിറഞ്ഞു പോകുന്ന നിമിഷം എന്നായിരുന്നു ചില ട്രോളുകളിൽ ഉണ്ടായിരുന്നത്. 2006 മുതൽ 2011 വരെ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടുള്ള ശ്രീശാന്ത് ഒത്തുകളി വിവാദത്തെ തുടർന്ന് ടീമിൽ നിന്ന് പുറത്താകുകയായിരുന്നു. 27 ടെസ്റ്റിൽ നിന്ന് മലയാളി താരം 87 വിക്കറ്റ് വീഴ്ത്തി.

Content Highlights: Dinesh Karthik compares Mohammad Shami and Sreesanth World Test Championship Final