Photo: AP, PTI
ന്യൂഡല്‍ഹി: വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ബിസിസിഐക്കും പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുമെതിരേ മുന്‍താരം ദിലീപ് വെങ്‌സാര്‍ക്കര്‍ രംഗത്ത്.
സംഭവവുമായി ബന്ധപ്പെട്ട് നടന്നതെല്ലാം നിര്‍ഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ വെങ്‌സാര്‍ക്കര്‍, കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സെലക്ടര്‍മാര്‍ക്ക് വേണ്ടി സംസാരിച്ച ഗാംഗുലി എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നുവെന്നും തുറന്നടിച്ചു.
''ഇതെല്ലാം തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. ക്രിക്കറ്റ് ബോര്‍ഡ് ഇത് കൂടുതല്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യണമായിരുന്നു. സെലക്ഷന്‍ കമ്മിറ്റിക്ക് വേണ്ടി സംസാരിക്കാന്‍ ഗാംഗുലിക്ക് ഒരു കാര്യവുമില്ല. ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്റാണ്. സെലക്ഷനെക്കുറിച്ചോ ക്യാപ്റ്റന്‍സിയെക്കുറിച്ചോ എന്തെങ്കിലും പ്രശ്നം, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ് സംസാരിക്കേണ്ടത്.'' - ഖലീജ് ടൈംസിന് നല്‍കിയ പ്രതികരണത്തില്‍ മുന്‍ ചീഫ് സെലക്ടര്‍ കൂടിയായ വെങ്‌സാര്‍ക്കര്‍ പറഞ്ഞു.
ബിസിസിഐയുടെ പ്രൊഫഷണലിസമില്ലായ്മയും ഈ വിഷയം അവര്‍ കൈകാര്യം ചെയ്ത രീതിയും കോലിയെ വിഷമിപ്പിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
''ഗാംഗുലി മുഴുവന്‍ വിഷയത്തെ കുറിച്ചും സംസാരിച്ചു. അതിനാല്‍ തന്നെ വിരാട് തന്റെ ഭാഗം വ്യക്തമാക്കാന്‍ ആഗ്രഹിച്ചു. അത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ക്യാപ്റ്റനും തമ്മിലാകേണ്ടതായിരുന്നു. സെലക്ഷന്‍ കമ്മിറ്റിയാണ് ഒരു ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതും നീക്കം ചെയ്യുന്നതും, അത് ഗാംഗുലിയുടെ അധികാരപരിധിയിലല്ല.'' - വെങ്‌സാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിനിടെ രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും വ്യക്തമാക്കി കോലി രംഗത്തെത്തിയിരുന്നു.
ഇതോടൊപ്പം തന്നോട് ആരും തന്നെ ട്വന്റി-20 ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ഒഴിയരുതെന്ന് കോലിയോട് അഭ്യര്‍ഥിച്ചിരുന്നുവെന്നായിരുന്നു ഗാംഗുലി പറഞ്ഞിരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഗാംഗുലിയുടെ ഈ പ്രസ്താവന കോലി നിഷേധിച്ചിരുന്നു.
Content Highlights: dilip vengsarkar criticised sourav ganguly for speaking on behalf of selectors in virat kohli issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..