ചെന്നൈ: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഐ.സി.സി ഏര്‍പ്പെടുത്തിയ ഉമിനീര്‍ വിലക്ക് ബൗളിങ്ങില്‍ പ്രയാസം സൃഷ്ടിക്കുന്നതായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ.

വെറും വിയര്‍പ്പ് മാത്രം ഉപയോഗിച്ച് ബൗളിങ് ടീമിന് പന്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് ബുംറ ചൂണ്ടിക്കാട്ടി. 

''കുറച്ച് സമയം കഴിയുമ്പോള്‍ പന്ത് മൃദുവാകുകയും ഫ്‌ളാറ്റ് വിക്കറ്റാണെങ്കില്‍ ബൗണ്‍സ് കുറയുകയും ചെയ്യുന്നു. പന്തിന്റെ തിളക്കം നിലനിര്‍ത്താന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് പരിമിതമായ ഓപ്ഷനുകള്‍ മാത്രമേയുള്ളൂ. അതുവെച്ച് എന്ത് ചെയ്യാനാകുമെന്നാണ് ഞങ്ങള്‍ നോക്കുന്നത്. പന്ത് മൃദുവാകുന്നതും തിളക്കം നിലനിര്‍ത്താന്‍ സാധിക്കാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പുതിയ കോവിഡ് ചട്ടമനുസരിച്ച് പന്തില്‍ ഉമിനീര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.'' - ബുംറ പറഞ്ഞു.

ഇന്ത്യന്‍ സാഹചര്യത്തില്‍ പന്തിന്‍മേല്‍ പെട്ടെന്ന് പോറലുകള്‍ വരും. അതിനാല്‍ പന്തിന്റെ ഭാരം കൂട്ടാന്‍ അതിന്റെ ഒരു ഭാഗത്ത് തിളക്കം കൂട്ടണം. വിയര്‍പ്പ് ഉപയോഗിച്ച് തിളക്കം കൂട്ടാന്‍ ശ്രമിക്കുന്നത് ഫലപ്രദമല്ലെന്നും ബുംറ പറഞ്ഞു.

Content Highlights: Difficult to maintain shine on ball due to saliva ban Jasprit Bumrah