മുംബൈ: മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയില്‍ ലഭിച്ചിരുന്ന പിന്തുണ എം.എസ് ധോനി, വിരാട് കോലി എന്നിവര്‍ ക്യാപ്റ്റനായപ്പോള്‍ ലഭിച്ചില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ്. സ്‌പോര്‍ട്‌സ് സ്റ്റാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യുവി ഇക്കാര്യം പറഞ്ഞത്.

2000-ല്‍ ഗാംഗുലിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫിയിലാണ് യുവി ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയണിയുന്നത്. പിന്നീട് ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ധോനി, കോലി എന്നിവര്‍ക്കു കീഴിലും യുവി കളിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ദാദയാണ് തനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റനെന്ന് യുവി പറയുന്നു.

''ഞാന്‍ ഗാംഗുലിക്ക് കീഴില്‍ കളിച്ചിരുന്ന സമയത്ത് അദ്ദേഹത്തില്‍ നിന്ന് വളരെയധികം പിന്തുണ ലഭിച്ചിരുന്നു. പിന്നീട് മഹി (ധോനി) ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. രണ്ടുപേരില്‍ മികച്ചയാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ഗാംഗുലിക്ക് കീഴിലാണ് കരിയറില്‍ എനിക്ക് ഓര്‍മകള്‍ ഏറെയുണ്ട്. അദ്ദേഹം നല്‍കിയിരുന്ന പിന്തുണ തന്നെയാണ് അതിന് കാരണം. ഗാംഗുലി നല്‍കിയിരുന്ന പോലൊരു പിന്തുണ പിന്നീട് മഹിയില്‍ നിന്നോ വിരാടില്‍ നിന്നോ എനിക്ക് ലഭിച്ചിട്ടില്ല'', യുവ്‌രാജ് പറഞ്ഞു.

2007 ട്വന്റി 20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയുടെ കിരീട വിജയത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു യുവി. 362 റണ്‍സും 15 വിക്കറ്റുകളുമായി 2011 ലോകകപ്പിലെ താരവും ഈ ഇന്ത്യന്‍ ബാറ്റ്‌സ്മാനായിരുന്നു. ലോകകപ്പിലെ നാലു മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചുമായി.

ഇന്ത്യയ്ക്കായി 304 ഏകദിനങ്ങള്‍ കളിച്ച യുവി ഇതില്‍ 110 മത്സരങ്ങള്‍ കളിച്ചത് ദാദയ്ക്കു കീഴിലാണ്. ധോനിക്കു കീഴില്‍ കളിച്ചത് 104 ഏകദിനങ്ങളും.

യുവിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് പിറന്നത് ധോനിക്കു കീഴിലാാണ്. ധോനിക്കു കീഴില്‍ കളിച്ച 104 ഏകദിനങ്ങളില്‍ നിന്ന് 37 ശരാശരിയില്‍ 3077 റണ്‍സാണ് യുവി നേടിയത്. ഗാംഗുലിക്ക് കീഴില്‍ കളിച്ച 110 മത്സരങ്ങളില്‍ നിന്ന് 2640 റണ്‍സും.

Content Highlights: Didn’t get Sourav Ganguly-like support from MS Dhoni, Virat Kohli Yuvraj Singh