Photo: Getty Images
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു യുവ്‌രാജ് സിങ്. ഇന്ത്യ 2007 ട്വന്റി 20, 2011 ലോകകപ്പുകളില്‍ കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം. ടീമിനെ നിരവധി മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ചിട്ടും ഒരു ഘട്ടത്തില്‍ ടീമിലെ സീനിയര്‍ താരമായിട്ടും കൂടി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം പക്ഷേ യുവ്‌രാജിനെ തേടിയെത്തിയിരുന്നില്ല. ഇപ്പോഴിതാ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിനുള്ള ടീമിന്റെ ക്യാപ്റ്റനാകേണ്ടിയിരുന്നത് താനായിരുന്നെന്നും എന്നാല്‍ ഗ്രെഗ് ചാപ്പല്‍ വിവാദ കാലത്ത് സഹതാരത്തെ പിന്തുണച്ചതിനാലാണ് തനിക്ക് ക്യാപ്റ്റന്‍സി നിഷേധിക്കപ്പെട്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ആരാധകരുടെ യുവി.
സഞ്ജയ് മഞ്ജരേക്കറുമൊത്തുള്ള ഒരു അഭിമുഖത്തിലാണ് യുവി മനസ് തുറന്നത്.
''അന്ന് ഞാന്‍ ക്യാപ്റ്റനാകേണ്ടതായിരുന്നു. അപ്പോഴാണ് ഗ്രെഗ് ചാപ്പല്‍ സംഭവം നടക്കുന്നത്. ചാപ്പലോ അതോ സച്ചിനോ എന്ന നിലയിലേക്ക് അത് മാറിയിരുന്നു. അന്ന് ഞാനെന്റെ സഹതാരത്തെ പിന്തുണച്ചു. അന്ന് അദ്ദേഹത്തെ പിന്തുണച്ച ഒരേയൊരാള്‍ ഞാനായിരിക്കാം. ഇത് ബിസിസിഐയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ആര് തന്നെ ക്യാപ്റ്റനായാലും ഞാനൊരിക്കലും ആ സ്ഥാനത്തുണ്ടാകില്ലെന്ന് അവര്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അത് എത്രത്തോളം ശരിയാണെന്ന് എനിക്ക് ഉറപ്പില്ല. പെട്ടെന്ന് എന്നെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കി. സെവാഗ് അന്ന് ടീമിലുണ്ടായിരുന്നില്ല. അങ്ങനെ എവിടെ നിന്നോ മഹി (എം.എസ് ധോനി) 2007-ലെ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായി. ഞാന്‍ കരുതിയത് ഞാന്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്നായിരുന്നു.'' - യുവി പറഞ്ഞു.
ധോനി മിടുക്കോടെ ആ ജോലി ചെയ്തതിനാല്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനാകാത്തതില്‍ തനിക്ക് വിഷമമില്ലെന്നും യുവി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും പിന്നീട് ധോനിയുടെ ക്യാപ്റ്റന്‍സി ബ്രാന്‍ഡ് ഇഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''വീരുവായിരുന്നു (സെവാഗ്) അന്ന് സീനിയര്‍. പക്ഷേ അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിനുണ്ടായിരുന്നില്ല. രാഹുല്‍ (ദ്രാവിഡ്) ക്യാപ്റ്റനായിരുന്നപ്പോള്‍ ഞാനായിരുന്നു ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അതിനാല്‍ തന്നെ പിന്നീട് ക്യാപ്റ്റനാകേണ്ടിയിരുന്നത് ഞാനായിരുന്നു. സ്വാഭാവികമായും എനിക്കെതിരായ തീരുമാനമായിരുന്നു അത്. പക്ഷേ അതില്‍ എനിക്ക് ഖേദമില്ല. ഇന്ന്, അതേ കാര്യം സംഭവിക്കുകയാണെങ്കിലും ഞാന്‍ എന്റെ സഹതാരങ്ങളെ പിന്തുണയ്ക്കും.'' - യുവി വ്യക്തമാക്കി.
Content Highlights: Did not get captaincy for supporting my teammate says Yuvraj Singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..