ലണ്ടന്‍: ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ഓവര്‍ത്രോയില്‍ ബാറ്റില്‍ തട്ടി ലഭിച്ച നാലു റണ്‍സ് പിന്‍വലിക്കണമെന്ന് അമ്പയറോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെന്‍ സ്റ്റോക്ക്സ്. 

ആ ബൗണ്ടറി പിന്‍വലിക്കണമെന്ന് ബെന്‍ സ്റ്റോക്ക്സ് അമ്പയറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സനാണ് അവകാശപ്പെട്ടിരുന്നത്. മത്സരശേഷം ബെന്‍ സ്റ്റോക്ക്സ് ഇക്കാര്യം മൈക്കല്‍ വോണിനോട് പറഞ്ഞിരുന്നുവെന്നായിരുന്നു ആന്‍ഡേഴ്സന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ ഇവയൊന്നും ശരിയല്ലെന്നാണ് സ്റ്റോക്ക്‌സ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ''ഞാന്‍ അന്ന് അമ്പയറുടെ അടുത്ത് പോയി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ആ സംഭവത്തിനു ശേഷം നേരെ പോയത് ടോം ലാഥമിന്റെ അടുത്തേക്കാണ്, ക്ഷമ ചോദിക്കാന്‍. പിന്നീട് കെയ്‌നിനെ (കെയ്ന്‍ വില്യംസണ്‍) നോക്കിയും ഞാന്‍ ക്ഷമ ചോദിച്ചു. അല്ലാതെ അമ്പയറുടെ അടുത്ത് പോയി ഞങ്ങള്‍ക്ക് ആ റണ്‍സ് വേണ്ടെന്ന് പറഞ്ഞിട്ടില്ല'', ബി.ബി.സിയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ സ്റ്റോക്ക്‌സ് വ്യക്തമാക്കി.

ഫൈനലിലെ അവസാന ഓവറില്‍ ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടക്കുകയായിരുന്നു. അമ്പയര്‍ കുമാര്‍ ധര്‍മസേന ഈ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് അനുവദിക്കുകയും ചെയ്തു.

എന്നാല്‍ ഐ.സി.സി നിയമപ്രകാരം അഞ്ചു റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത്. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായി. ഐ.സി.സി അമ്പയര്‍മാരുടെ എലൈറ്റ് പാനലില്‍ അംഗമായിരുന്ന സൈമണ്‍ ടോഫലും പല മുതിര്‍ന്ന താരങ്ങളും ഈ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു.

നിശ്ചിത ഓവറില്‍ ടൈയില്‍ കലാശിച്ച മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടപ്പോഴും ടൈ തന്നെയായിരുന്നു ഫലം. അതോടെ മത്സരത്തിലാകെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു.

Content Highlights: Did Not Ask Umpires To Overturn Four Overthrows Ben Stokes