ന്യൂഡല്‍ഹി: ക്രിക്കറ്റ്പ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ടാണ് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി സ്ഥാനമേറ്റത്. ഇപ്പോഴിതാ മറ്റൊരു തീരുമാനം കൂടിയെടുത്ത് ധോനി വീണ്ടും ആരാധകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. 

ഇന്ത്യന്‍ ടീമിന്റെ മെന്ററായി സ്ഥാനമേല്‍ക്കുന്ന ധോനി ശമ്പളം വാങ്ങാതെയാണ് താരങ്ങളെ പരിശീലിപ്പിക്കുക. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ' വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മെന്ററായി സ്ഥാനമേറ്റ എം.എസ്. ധോനി ശമ്പളം വാങ്ങാതെയ ടീമിനെ പരിശീലിപ്പിക്കും'-ജയ് ഷാ പറഞ്ഞു. 

നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ധോനി ഫൈനലിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഒക്ടോബര്‍ 24 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. വിരാട് കോലി നയിക്കുന്ന ടീമില്‍ 15 പേരാണുള്ളത്. 

Content Highlights: Dhoni will not charge any honorarium for mentoring team in T20 world cup says Jay Shah