ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരേ തമിഴ്‌നാടിനെ വിജയത്തിലേക്ക് നയിച്ചത് അവസാന പന്തില്‍ ഷാരൂഖ് ഖാന്‍ നേടിയ സിക്‌സ് ആയിരുന്നു. ആ പന്തില്‍ തമിഴ്‌നാടിന് വിജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സായിരുന്നു. സിക്‌സില്‍ കുറഞ്ഞതൊന്നും വിജയത്തിന് മതിയാകില്ലെന്ന് മനസ്സിലുറപ്പിച്ച ഷാരൂഖിന്റെ ഷോട്ട് ഗ്രൗണ്ടിന് മുകളിലൂടെ പറന്നു.

ഷാരൂഖിന്റെ ഈ അവിശ്വസനീയ ഫിനിഷിങ് ടിവിയിലൂടെ ഇന്ത്യയുടെ മറ്റൊരു ഫിനിഷിങ് കിങ് കാണുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. മറ്റാരുമല്ല, ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയാണ് ആ ഫിനിഷിങ് കിങ്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ ചിത്രം ആദ്യമായി ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

അടുത്ത ഐപിഎല്‍ താരലേലത്തില്‍ ഷാരൂഖ് ഖാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പലരും ഷാരൂഖിനെ ചെന്നൈ ടീമിലെടുക്കണമെന്ന് ധോനിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സ് താരമായിരുന്നു ഷാരൂഖ്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 5.25 കോടി രൂപ മുടക്കിയാണ് പഞ്ചാബ് ടീമിലെത്തിച്ചത്. എന്നാല്‍ ഷാരൂഖ് നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.

Content Highlights: Dhoni Watches Shahrukh Khan's Match-winning Six Syed Mushtaq Ali Trophy