ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തില്‍ ഒരിക്കലും ധോനിയെ വെല്ലാനാകില്ല. അത്രയ്ക്ക് കൃത്യമായി ഡി.ആര്‍.എസ് കണക്കുകൂട്ടാന്‍ ധോനിക്കറിയാം. അതുകൊണ്ടുതന്നെ ധോനി റിവ്യൂ സിസ്റ്റം എന്നാണ് ആരാധകര്‍ ഡി.ആര്‍.എസ്സിനെ വിളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ധോനി ആ മികവ് പുറത്തെടുത്തു. ഇത്തവണയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം തെറ്റിയില്ല. 

ജസ്പ്രീത് ബുംറയെറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്ത് നേരിട്ടത് ഹാഷിം അംലയായിരുന്നു. അംലക്ക് ഷോട്ട് മിസ്സായതോടെ പന്ത് ധോനിയുടെ കൈകളിലെത്തി. ബാറ്റില്‍ പന്ത് കൊണ്ടെന്ന് പറഞ്ഞ് ധോനി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. തുടര്‍ന്ന് ഡി.ആര്‍.എസ് വിളിക്കാന്‍ രോഹിത് ശര്‍മ്മ കോലിയോട് പറയുകയായിരുന്നു. എന്നാല്‍ വേണ്ടെന്ന് ധോനി തലയാട്ടിയതോടെ കോലി ആ ശ്രമം ഉപേക്ഷിച്ചു.

പിന്നീട് റീപ്ലേയില്‍ ധോനിയുടെ തീരുമാനം ശരിയാണെന്ന് വ്യക്തമായി. വെറുതെ ഒരു ഡി.ആര്‍.എസ് പാഴാക്കുന്നതില്‍ നിന്ന് ധോനി കോലിയെ വീണ്ടും രക്ഷിക്കുകയായിരുന്നു. നാലാം ഏകദിനത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. ആറു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. 

Dhoni Shows Why Kohli Trusts Him Blindly When it Comes to DRS