file photo, courtesy; Getty Images
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോനി ഏകദിന ടീമില്‍നിന്ന് ഉടന്‍ വിരമിച്ചേക്കുമെന്ന് സൂചന നല്‍കി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. അതേമസയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വരുന്ന ടി-ട്വന്റി ലോകകപ്പില്‍ ധോനി ടീമിലുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു. സിഎന്‍എന്‍ ന്യൂസ് 18 മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ധോനിയുമായി ഞാന്‍ സംസാരിച്ചിരുന്നു. ടെസ്റ്റ് കരിയര്‍ ധോനി നേരത്തെ അവസാനിപ്പിച്ചതാണ്. ഏകദിനത്തോടും ധോനി ഉടന്‍ വിടപറഞ്ഞേക്കും. ടി-ട്വന്റി ഫോര്‍മാറ്റിലായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. ടീമില്‍ ഒരു കാരണവശാലും കടിച്ചുതൂങ്ങി നില്‍ക്കുന്ന ആളല്ല ധോനി. ഐപിഎല്ലില്‍ തീര്‍ച്ചയായും ധോനി കളിക്കുമെന്നും സീസണിലെ പെര്‍ഫോമന്‍സ് ധോനിയുടെ ഭാവി തീരുമാനിക്കുമെന്നും ശാസ്ത്രി പറഞ്ഞു.
ഈ പ്രായത്തില്‍ ഇനി ധോനിക്ക് കളിക്കാന്‍ താത്പര്യമുണ്ടാവുക ടി-ട്വന്റി മത്സരങ്ങളായിരിക്കും. ഐപിഎല്‍ കളിക്കാന്‍ ധോനി തയ്യാറെടുക്കകയാണ്. ആദ്ദേഹത്തിന്റെ ശരീരം കളിയോട് എങ്ങനെ പ്രതികരിക്കുമെന്ന് കളിക്കളത്തില്‍ നമുക്ക് കാണാമെന്നും ശാസ്ത്രി പറഞ്ഞു.
ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റിലേക്ക് താരങ്ങളെ പരിഗണിക്കുമ്പോള്‍ അവരുടെ പ്രകടന മികവും പരിചയ സമ്പത്തും മാത്രമായിരിക്കും ഘടകം. മധ്യനിരയില്‍ ധോനി, പന്ത്, സഞ്ജു സാംസണ്‍ എന്നീ താരങ്ങളുടെ പ്രകടന മികവും പരിചയ സമ്പത്തുമാണ് ആര് ടീമിലെത്തുമെന്ന് തീരുമാനിക്കുക. 5-6 സ്ഥാനങ്ങളില്‍ ആ താരം കളിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
നാല് ദിന ടെസ്റ്റ് മത്സരം നടത്താനുള്ള ഐസിസി നീക്കത്തിനെതിരേയും രവി ശാസ്ത്രി നിലപാടെടുത്തു. നാല് ദിന ടെസ്റ്റ് മത്സരം തികച്ചും മണ്ടത്തരമാണെന്ന് ശാസ്ത്രി വ്യക്തമാക്കി.
content highlights; Dhoni may end his ODI career soon, says Ravi Shastri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..