ന്ത്യന്‍ ടീമിലെ ചേരിപ്പോരിലേയ്ക്ക് വെളിച്ചം വീശുന്ന ഞെട്ടുന്ന വെളിപ്പെടുത്തലുമായി മുന്‍ ടെസ്റ്റ്താരവും മുന്‍ സെലക്ടറുമായ ദിലീപ് വെങ്സാര്‍ക്കര്‍. യുവനിരയില്‍ തിളങ്ങിനില്‍ക്കുകയായിരുന്ന വിരാട് കോലിയെ ടീമിലെടുക്കുന്നതിനോട് അന്നത്തെ ക്യാപ്റ്റന്‍ എം.എസ്. ധോനിക്കും പരിശീലകന്‍ ഗാരി കേഴ്സറ്റനും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വെങ്സാര്‍ക്കര്‍ വെളിപ്പെടുത്തിയത്. കിരണ്‍ മോറേയുടെ പകരക്കാരനായി 2006 ഒക്ടോബറില്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ വെങ്സാര്‍ക്കര്‍ക്ക് രണ്ടു വര്‍ഷത്തിനുശേഷം കൃഷ്ണമചാരി ശ്രീകാന്തിന് ചുമതല കൈമാറേണ്ടിവന്നിരുന്നു. ഈ സാഹചര്യം വിശദീകരിക്കുമ്പോഴായിരുന്നു ധോനിക്കും കേഴ്സ്റ്റണും എതിരെ അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയ്ക്കായി കളിച്ചിരുന്ന തമിഴ്‌നാട് താരം സുബ്രഹ്മണ്യം ബദരിനാഥിനെ മറികടന്നാണ്‌ അന്ന് എന്റെ തീരുമാനത്തില്‍ കോലിയെ സീനിയര്‍ നാഷ്ണല്‍ ടീമിലേക്ക് തിരഞ്ഞെടുത്തത്. അക്കാലത്ത് ഓസ്‌ട്രേലിയയില്‍ നടന്ന എമേര്‍ജിങ്ങ് പ്ലെയര്‍ ട്രോഫി ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ എ ടീമില്‍ അണ്ടര്‍ 23 താരങ്ങളെയാണ് ഞാന്‍ ഉള്‍പ്പെട്ട സെലക്റ്റിങ് കമ്മിറ്റി പരിഗണിച്ചിരുന്നത്. കോലിയുടെ കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യ നേടിയതും അതേ കാലയളവിലായിരുന്നു. അതിനാല്‍ കോലിയെയും ടീമിലേക്ക് തിരഞ്ഞെടുത്തു. കളി നേരിട്ട് കണ്ട് വിലയിരുത്താന്‍ ഞാനും മൈതാനത്തെത്തി. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും കോലിക്ക് സാധിച്ചു. അതിനാല്‍ ദേശീയ ടീമില്‍ കളിക്കാനുള്ള അവസരം കോലി അര്‍ഹിക്കുന്നതായും എനിക്ക് തോന്നി. 

ഓസ്‌ട്രേലിയയില്‍ നിന്ന് ഞാന്‍ തിരിച്ചെത്തിയ ശേഷം സീനിയര്‍ ടീമിന്റെ ആദ്യ പര്യടനം ശ്രീലങ്കയ്‌ക്കെതിരെ അവരുടെ നാട്ടിലായിരുന്നു. ഈ പരമ്പരയില്‍ കോലിക്ക് അവസരം നല്‍കാനും സെലക്ടേഴ്‌സ് തീരുമാനിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ധോനിക്കും കോച്ച് ഗാരി കേഴ്‌സ്റ്റനും കോലിയുടെ മേല്‍ അത്രയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. കോലിക്ക് ടീമില്‍ സ്ഥാനം ലഭിച്ചാല്‍ ഐപിഎല്ലില്‍ ചെന്നൈ താരമായിരുന്ന ബദരിനാഥ് ടീമില്‍ നിന്ന് പുറത്താകുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കാനാണ്‌ അവരുടെ ശ്രമമെന്നും എനിക്ക് മനസ്സിലായി.

അന്നത്തെ ബിസിസിഐ ട്രഷറര്‍ എന്‍ ശ്രീനിവാസനും ഈ നടപടി അത്ര രസിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നുള്ള താരമായിരുന്നു ബദരിനാഥ്. എന്തടിസ്ഥാനത്തിലാണ് ബദരിനാഥിനെ തഴഞ്ഞ് കോലിയെ ടീമില്‍ എടുത്തതെന്നും ശ്രീനിവാസന്‍ ചോദിച്ചു. എമര്‍ജിങ് പ്ലെയര്‍ ടൂര്‍ണമെന്റിലെ മികച്ച പ്രകടനം കണക്കിലെടുത്താണെന്ന് ഞാന്‍ മറുപടിയും നല്‍കി. തൊട്ടടുത്ത ദിവസം ശ്രീകാന്തിനൊപ്പം അദ്ദേഹം അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന ശരത് പവാറിനെ ചെന്ന് കാണുകയും ചെയ്തു. അതോടെ എന്റെ സെലക്ടര്‍ ജോലി അവസാനിക്കുകയും ചെയ്തു - വെങ്‌സാര്‍ക്കാര്‍ പറഞ്ഞു. പിന്നീട് വെങ്‌സാര്‍ക്കറിന് പകരക്കാരനായി ശ്രീകാന്ത് സെലക്ടര്‍ സ്ഥാനത്തേക്കെത്തുകയും ചെയ്തു.

Content Highlights: Dhoni, Gary Kirsten Were Reluctant To Include Kohli In Team India, Recalls Dilip Vengsarkar