ലണ്ടന്‍: ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാമ്പില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ഇലവനില്‍ അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് പരിശീലകനും നായകനും. 

എന്നാല്‍ ബാറ്റിങ് ഓര്‍ഡറിലും ഇതേ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഫോമിലുള്ള മുരളി വിജയി ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ധവാന്റെയും കെ.എല്‍ രാഹുലിന്റെയും പൂജാരയുടെയും കാര്യത്തില്‍ സന്ദര്‍ശകര്‍ സംശയത്തിലാണ്.

ഇപ്പോഴും ഒരു ഓപ്പണിങ് സഖ്യത്തെ കണ്ടെത്താനാകാത്തതാണ് ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത്. ധവാന്‍- മുരളി വിജയ് സഖ്യമാണ് ടെസ്റ്റില്‍ കുറച്ചുകാലമായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെ ധവാന്റെ പ്രകടനം ഒട്ടും ആശാവഹമല്ല. സന്നാഹ മത്സരത്തില്‍ മികവിലെത്താത്ത പൂജാരയുടെ ഫോമും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. രാഹുലിന്റെ മികച്ച പ്രകടനം കാണാതിരിക്കാനും വയ്യ.

ആദ്യ മൂന്ന് സ്ഥാനങ്ങള്‍ എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് ആരാധകര്‍ തലപുകയ്ക്കുമ്പോള്‍ ഇക്കാര്യത്തെ കുറിച്ച് ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടീം സെലക്ഷന്‍ എല്ലാവര്‍ക്കും ഒരു അത്ഭുതമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്നാം ഓപ്പണറായാണ് രാഹുലിനെ ടീമിലെടുത്തിരിക്കുന്നത്. എന്നാല്‍ നമ്മുടെ ബാറ്റിങ് ഓര്‍ഡര്‍ ഫ്‌ളെക്‌സിബിളായതിനാല്‍ മൂന്നാം ഓപ്പണര്‍ക്ക് ആദ്യ നാലു സ്ഥാനങ്ങളില്‍ എവിടെ വേണമെങ്കില്‍ കളിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച കെട്ടുറപ്പുള്ള ടീമാണ് നമ്മുടേത്. ഇക്കാര്യത്തില്‍ അത്ഭുതപ്പെടാന്‍ തയ്യാറായിരുന്നോളൂവെന്നും ഇ.എസ്.പി.എന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ശാസ്ത്രി പറഞ്ഞു.

ഇതിനൊപ്പം ഫോമിലെത്താന്‍ വിഷമിക്കുന്ന ചേതേശ്വര്‍ പൂജാരയ്ക്ക് പിന്തുണ നല്‍കാനും ശാസ്ത്രി മറന്നില്ല. അദ്ദേഹം മികച്ച അനുഭവസമ്പത്തുള്ള കളിക്കാരനാണ്. ഒരു മത്സരത്തിനപ്പുറം അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തുമെന്നും ശാസ്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Content Highlights: hawan rahul or pujara who will bat in top three ravi shastri's take will surprise you