മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരാജയമായിരുന്നു ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും ടീമിന് പുറത്തായി. അതേസമയം 18-കാരനായ പൃഥ്വി ഷായും ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള മായങ്ക് അഗര്‍വാളും ടീമിലെത്തി. 

വിരാട് കോലി നായകനായ ടീമില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയ്ക്ക് ഇടം ലഭിച്ചില്ല. അജിങ്ക്യ രഹാനെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവരെ കൂടാതെ ഹനുമ വിഹാരി, റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകേഷ് രാഹുലിനൊപ്പം പൃഥ്വി ഷാ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

ഒക്ടോബര്‍ നാലു മുതല്‍ രാജ്‌കോട്ടിലാണ് ആദ്യ ടെസ്റ്റ്. ഒക്ടോബര്‍ 12-ന് ഹൈദരാബാദില്‍ രണ്ടാം ടെസ്റ്റ് നടക്കും. പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓസിസ് പര്യടനം മുന്നില്‍ കണ്ട് ജസ്പ്രീത് ബുംറയ്ക്കും സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചു. പരിക്കിന്റെ പിടിയിലുള്ള ഇഷാന്ത് ശര്‍മയെ മാറ്റിനിര്‍ത്തുകയായിരുന്നു.

ഇന്ത്യന്‍ ടീം - വിരാട് കോലി (ക്യാപ്റ്റന്‍) കെ.എല്‍ രാഹുല്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍.

Content Highlights: dhawan dropped mayank agarwal mohammed siraj earn first call ups for windies tests